മത്സ്യബന്ധന ബോട്ട് ചരക്ക് കപ്പലുമായി കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ എട്ട് നാവികരെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്. രാത്രി വളരെ വൈകി നടത്തിയ ഓപ്പറേഷനിൽ സാഹസികമായാണ് നാവികരെ സുരക്ഷിതരായി രക്ഷപ്പെടുത്തിയത്. അപകടത്തിൽ മൂന്ന് നാവികർക്ക് പരുക്കേൽക്കുകയും മത്സ്യബന്ധന ബോട്ട് തകരുകയും ചെയ്‌തു.
മറൈൻ റെയ്സ് ബോട്ടുകളിലെത്തിയാണ് നാവികരെ കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയത്. ദൗത്യത്തിന് ശേഷം പരുക്കേറ്റവരെ വിമാനമാർഗം ദുബായിലെ റാഷിദ് ആശുപത്രിയിലെത്തിച്ച് തുടർ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. ശക്‌തമായ കാറ്റിനേത്തുടർന്ന് ഉയർന്ന തിരമാലകൾ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായെങ്കിലും അവ തരണം ചെയ്താണ് അധികൃതർ നാവികരുടെ ജീവൻ രക്ഷിച്ചത്. തുറമുഖ പൊലീസ് സ്‌റ്റേഷനും എയർ വിങ് സെൻ്ററുമായി സഹകരിച്ചാണ് രക്ഷാദൗത്യം നടത്തിയത്.
എട്ട് നാവികരുമായി ദുബായ് ഫിഷ് മാർക്കറ്റ് വാട്ടർഫ്രണ്ടിലേക്ക് പോകുകയായിരുന്ന വാണിജ്യ ചരക്ക് കപ്പലാണ് മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ചത്. ചരക്ക് കപ്പൽ നിർത്തുന്നതിന് മുൻപ് ബോട്ട് രണ്ട് നോട്ടിക്കൽ മൈൽ ഒഴുകിയതാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ.