സഞ്ചാരികളുടെ പറുദീസ, സഞ്ചാരികളുടെ സ്വപ്ന ലോകം, മരുഭൂമിയിൽ പണിതുയർത്തിയ ലോകാത്ഭുതം എന്നിങ്ങനെ എന്ത് വിശേഷണവും നൽകാം ദുബായ് നഗരത്തിന്. അതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്ത് വരുന്നതും.
2023 ൽ ദുബായിലേക്ക് എത്തിയത് എത്ര സഞ്ചാരികൾ ആണെന്ന് അറിയുമോ? 1.7 കോടി ആളുകൾ. ഇത്രയധികം സഞ്ചാരികൾ എത്തിയതോടെ റെക്കോർഡ് നേട്ടമാണ് ദുബായിലെ ടൂറിസം രംഗം കൊയ്തിരിക്കുന്നത്. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ദുബായ് എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം.
“ആഗോള ടൂറിസം മേഖലയിൽ” ദുബായ് നഗരം മുൻപന്തിയിലാണെന്നും ലോകത്തിലെ ഏറ്റവും ഉയർന്ന ഹോട്ടൽ താമസ നിരക്ക് 77.4 ശതമാനമാണെന്നും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്‌സ്-ൽ കുറിച്ചു. ഹോട്ടലുകളുടെ ശേഷി 150,000-ലധികം മുറികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായ് ഇക്കണോമിക് അജണ്ട D33യുടെ ഭാഗമായി, ബിസിനസ്സിനും ടൂറിസത്തിനുമുള്ള മികച്ച 3 നഗരങ്ങളിൽ ഒന്നായി നഗരത്തെ സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ദുബായുടെ നീക്കമാണ് ടൂറിസം രംഗത്തെ റെക്കോർഡ് നേട്ടത്തിന് ഉടമയാക്കിയത്.