ലോകത്ത് ഏറ്റവും സ്വീകാര്യമായ പൊതുഗതാഗതം നൽകുന്ന നഗരങ്ങളിൽ ദുബായ്ക്ക് നേട്ടം. ഇ-കൊമേഴ്സ് സൈറ്റായ പികോഡി നടത്തിയ പഠനത്തിലാണ് ദുബായ് ആദ്യ പത്തിൽ ഇടം പിടിച്ചത്. സിംഗിൾ ടിക്കറ്റുകളുടെയും മാസ ടിക്കറ്റുകളുടെയും നിരക്ക് ഉൾപെടെ നിരവധി ഘടകങ്ങൾ വിലയിരുത്തിയാണ് റാങ്ക് പട്ടിക തയ്യാറാക്കിയത്. ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച പൊതുഗതാഗത സംവിധാനമൊരുക്കുന്ന നഗരങ്ങളിൽ ഒമ്പതാം സ്ഥാനത്താണ് ദുബായ്.
മെട്രോ, ബസ്, ട്രാം, ജലഗതാഗതം എന്നിവ ഉപയോഗിക്കാൻ ദുബായിൽ ഒരാൾക്ക് ശരാശരി 350 ദിർഹമാണ് ഒരു മാസം ചിലവാകുക. കഴിഞ്ഞ വർഷം ദുബായിൽ പൊതുഗതാഗം ഉപയോഗിച്ചവരുടെ എണ്ണത്തിൽ 35 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. അതേ സമയം ഷാർജയിലെ മാസത്തിലെ ശരാശരി ബസ് പാസ് 225 ദിർഹമാണ്. അബുദാബിയിൽ 80 ദിർഹം എന്നാണ് കണക്ക്. അതേസമയം ഈ നഗരങ്ങളിൽ മെട്രോ, ട്രാം, മോണോറെയിൽ എന്നിവ ഇല്ലാത്തത് തിരിച്ചടിയായി.
ദുബായിലെ മൊത്തം യാത്രക്കാരിൽ 25 ശതമാനം ബസ് സർവീസ് ഉപയോഗപ്പെടുത്തിയപ്പോൾ ജലഗതാഗതം വഴി യാത്ര ചെയ്തത് രണ്ട് ശതമാനം മാത്രമാണ്. കഴിഞ്ഞ വർഷം ദിവസേശ ശരാശരി 17 ലക്ഷം യാത്രക്കാർ പൊതുഗതാഗതം ഉപയോഗപ്പെടുത്തി. മാർച്ച് , ഡിസംബർ മാസങ്ങളിലാണ് യാത്രക്കാരുടെ വർദ്ധനവ് ഉണ്ടായത്. അതേസമയം
ബെർലിൻ, വാർസോ, സിംഗപ്പൂർ, ന്യൂയോർക്ക്, റോം എന്നീ നഗരങ്ങളാണ് പികോഡി പട്ടികയിൽ മുന്നിലുളളത്.