വിദ്യാര്‍ത്ഥികൾക്ക് മതിയായ ഉറക്കം അനിവാര്യമെന്ന് പഠനം. വിദഗ്ദ്ധ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ യുഎഇയിലെ ചില സ്കൂളുകളുടെ സമയക്രമം മാറ്റി. ദുബായ് ബ്രിട്ടീഷ് സ്‌കൂളാണ് സമയമാറ്റത്തിന് തുടക്കം കുറിച്ചത്. സ്കൂൾസമയം ഒരു മണിക്കൂര്‍ വൈകി ആരംഭിക്കുന്നതോടെ പഠന നിലവാരവും കുട്ടികളുടെ ക്ഷേമവും വര്‍ദ്ധിക്കുമെന്ന പഠന നിരീക്ഷണത്തിലാണ് സമയമാറ്റം.
സ്കൂൾ സമയം 9 മുതല്‍ 4 വരെ പുനക്രമീകരീച്ചതോടെ വിദ്യാര്‍ത്ഥികളുടെ ക്ഷേമവും ഹാജര്‍ നിലയും സമയ നിഷ്ഠയും മെച്ചപ്പെട്ടെന്നാണ് ദുബായ് ബ്രിട്ടീഷ് സ്കൂൾ മേധാവികളുടെ കണ്ടെത്തല്‍. ബ്രിട്ടീഷ് സ്കൂൾ ജുമൈറയിലെ സമയം 7.30 തില്‍ നിന്ന് 8.15ലേക്കും മാറ്റിയിരുന്നു. തിരക്ക് ഒഴിവാക്കി ശാന്തമായി ദിവസം ആരംഭിക്കാന്‍ കഴിയുന്നത് രക്ഷിതാക്കൾക്കും ആശ്വാസമാണെന്നാണ് കണ്ടെത്തല്‍.
യുഎഇയിലെ വിദ്യാർത്ഥികൾ സാധാരണയായി രാവിലെ 7 നും 7.30 നും ഇടയിലാണ് സ്‌കൂളിൽ എത്തേണ്ടത്. ഇതിനായി വിദ്യാര്‍ത്ഥികൾ പുലര്‍ച്ചെ 5.30ന് ഉറക്കമുണരേണ്ടതുണ്ട്. എന്നാല്‍ സ്കൂൾ സമയം പുനക്രമീകരിച്ചതോടെ വിദ്യാർത്ഥികൾക്ക് കൂടുതൽ ഉറങ്ങാൻ കഴിയുകയും സമയ നിഷ്ഠയും ഹാജർ നിലയും ക്ഷേമവും മെച്ചപ്പെട്ടതായും സ്കൂൾ അധികാരികൾ പറയുന്നു. അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് മിഡിൽ, ജുമൈറ ബാക്കലറിയേറ്റ് സ്കൂൾ തുടങ്ങി വിവിധ ഇടങ്ങളില്‍ വിദ്യാര്‍ത്ഥി ക്ഷേമം മുന്‍നിര്‍ത്തി 2022 മുതല്‍ പഠനസമയം പുനക്രമീകരിച്ചിട്ടുണ്ട്.
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് സാധാരണമാണെന്നും അമിതവണ്ണം, മദ്യം, പുകയില, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം, മോശം അക്കാദമിക് പ്രകടനം തുടങ്ങിയ ആരോഗ്യപരമായ അപകടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉറക്കം യഥാർത്ഥത്തിൽ ആശങ്കാജനകമാണെന്നും വിദ്യാർത്ഥികൾക്ക് വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെന്നും ദുബായ് വിദ്യാർത്ഥികളുടെ ക്ഷേമ സെൻസസ് ഡാറ്റകളും വ്യക്തമാക്കുന്നു.
ലോകത്താകമാനം വിദ്യാര്‍ത്ഥികളുടെ ഉറക്കവും പഠനവും സംബന്ധിച്ച് നിരവധി ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് ദുബായിലെ സ്കൂളുകളുടേയും നീക്കം. അതേസയമം സ്‌കൂളുകൾ ഷെഡ്യൂളുകൾ മാറ്റുന്നതിന് മുമ്പ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയിൽ നിന്ന് അനുമതി വാങ്ങിയിരിക്കണമെന്നാണ് വ്യവസ്ഥ.
Source from The National News