3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വകാര്യ വില്ലകൾ നിർമ്മിക്കുന്നതിന് അനുമതി നൽകി ദുബായ് മുനിസിപ്പാലിറ്റി. ആദ്യമായാണ് ഇത്തരത്തിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് വീട് നിർമ്മിക്കാൻ ലൈസൻസ് നൽകുന്നത്. 3ഡി പ്രിന്റിങ് ഉപയോഗപ്പെടുത്തുന്ന കെട്ടിടങ്ങളുടെ എണ്ണം 2030ഓടെ 25 ശതമാനം വർധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമാണിത്. ദുബായിയെ 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യയുടെ രാജ്യാന്തര കേന്ദ്രമാക്കാനുള്ള പദ്ധതി ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2020ൽ പ്രഖ്യാപിച്ചിരുന്നു.
ഒരു പാളിക്ക് (ലെയർ) മുകളിൽ മറ്റൊരു പാളി എന്ന രീതിയിൽ കൂട്ടിവെച്ച് തിമാന രൂപം നിർമ്മിക്കുന്ന സാങ്കേതിക വിദ്യയിലാണ് 3ഡിയുടെ പ്രവർത്തനം. ഡിസൈൻ സോഫ്റ്റ്വെയർ ഉപയോഗിച്ച് ത്രിമാനരൂപം ഡിസൈൻ ചെയ്തശേഷം തെർമോ പ്ലാസ്റ്റിക് ഗണത്തിലുള്ള ഉരുക്കിയ നിർമ്മാണവസ്തു ഉപയോഗിച്ച് പാളികളായി മാറ്റി ത്രിമാനരൂപം ഉണ്ടാകുകയാണ് ചെയ്യുന്നത്. കുറഞ്ഞ നിർമ്മാണച്ചെലവ്, കുറഞ്ഞ നിർമ്മാണ സമയം, സങ്കീർണമായ രൂപത്തിലുള്ള കെട്ടിടങ്ങളുടെ എളുപ്പത്തിലുള്ള നിർമ്മാണം, പുനരുപയോഗിക്കാവുന്ന ഉൽപന്നങ്ങളുടെ ഉപയോഗം, പരിസ്ഥിതി സംരക്ഷണത്തിന് പരിഗണന എന്നിവയാണ് 3ഡി പ്രിന്റിങ് ടെക്നോളജിയുടെ സവിശേഷതകൾ.
ദുബായിലെ അൽ അവീർ പ്രദേശത്താണ് ഇത്തരത്തിൽ ആദ്യത്തെ വില്ല നിർമ്മിക്കുന്നത്. 3ഡി പ്രിന്റിങ്ങിൽ നിർമ്മിക്കുന്ന വില്ലയുടെ പ്രവൃത്തി ഒക്ടോബറോടെ പൂർത്തിയാകും. അതോടെ ആഗോള തലത്തിൽതന്നെ അസാധാരണമായ നിർമ്മിതികളിൽ ഒന്നാകും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. സാങ്കേതിക വിദ്യയുടെ വികസനം, പരീക്ഷണം, വിവിധ ഉൽപന്നങ്ങളുടെ നിർമ്മാണം തുടങ്ങിയവയ്ക്കുവേണ്ടി പ്രത്യേക ഡിസ്ട്രിക്ട് രൂപീകരിക്കുമെന്നും മുൻസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.