ലോക സംസ്കാരങ്ങളുടെ പ്രദർശനം നടത്താൻ ഗ്ലോബൽ വില്ലേജ് 27ാം സീസണിൻ്റെ വാതായനങ്ങൾ ഇന്നു സന്ദർശകര്‍ക്കായി തുറക്കും. ഒരുപാട് പുതിയ ആകർഷണങ്ങളുമായാണ് ആഗോള ഗ്രാമം ഇത്തവണ ലോകമെമ്പാടുമുള്ള സന്ദർശകരെ വരവേൽക്കുക.
Months of preparation for a #MoreWonderfulWorld ✨ We are excited to welcome all of you tomorrow at 6 PM for a wonderful season! #GlobalVillage #GVWOW pic.twitter.com/bvH2stt3Mo
— Global Village القرية العالمية (@GlobalVillageAE) October 24, 2022
മലയാളികളടക്കം നിരവധി പേർ നേതൃത്വം നൽകുന്ന ലോകരുചികളുടെ കലവറ, വിനോദകേന്ദ്രങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ സ്റ്റാളുകൾ ഒരുങ്ങിക്കഴിഞ്ഞു.തത്സമയം ചിത്രങ്ങൾ വരക്കുന്ന പത്തോളം കലാകാരന്മാരും ബലൂണും പാവകളും അടക്കം കുട്ടികളെ ആകർഷിക്കുന്ന കൗതുക വസ്തുക്കളുടെ വിൽപനയ്ക്ക് പിന്നിലും ഇത്തവണ മലയാളികളുണ്ട്. ലോകത്തെ 200ലേറെ അവിശ്വസനീയമായ ഡിസ്പ്ലേകളോടെ, മധ്യപൂർവദേശ–വടക്കൻ ആഫ്രിക്കൻ മേഖലയിലെ ആദ്യ പരിപാടി ഒട്ടേറെ പുതിയ പ്രദർശനങ്ങളുമായാണെത്തുന്നത്.
27ാം പതിപ്പിലെ ആകർഷണങ്ങൾ
14 അടി നീളമുള്ള കൊലയാളി മുതല, ഒരു ദശലക്ഷത്തിലേറെ തീപ്പെട്ടികൾ അടങ്ങിയ തീപ്പെട്ടി മാതൃക, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ‘മണി ലെഗ്സ്’ ഉൾപ്പെടെയുള്ള പ്രദർശനങ്ങൾ, ‘ടോർച്ചർ ചേംബർ’ ഗാലറിയിൽ പുരാതന ജയിൽ ശിക്ഷയുടെ അവിശ്വസനീയമായ പ്രദർശനങ്ങൾ, സൂപ്പർ ഹീറോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ‘ഹീറോസ് ഗാലറി’ എന്നിവയുമുണ്ട് ഈ വർഷം.
പ്രേതഭവനമായ ഹാലോവീൻ ആണ് ഏറ്റവും ആകർഷകം. പ്രേതബാധയുള്ള സെമിത്തേരി, ഹോസ്പിറ്റൽ സൈക് വാർഡ്, അലറുന്ന മരം തുടങ്ങി 9 വ്യത്യസ്ത അനുഭവങ്ങൾ ഇവിടെ കാത്തിരിപ്പുണ്ട്. 660 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഹൗസ് ഓഫ് ഫിയർ കൺസെപ്റ്റ് യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ നിന്നുള്ള ഏറ്റവും പുതിയ ആനിമേട്രോണിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് അവതരിപ്പിക്കുന്നത്.
മറ്റൊരു ആകർഷണം ഡിഗേഴ്‌സ് ലാബ് ആണ്. കുട്ടികൾക്കും യുവതീയുവാക്കൾക്കും മുതിർന്നവർക്കും ആസ്വദിക്കാവുന്ന വിദ്യാഭ്യാസ പരിപാടി. കാർണവലിൻ്റെ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന ഹൈഡ്രോളിക് ഡിഗ്ഗർ അനുഭവം, ഡിഗറുകളും ഡമ്പറുകളും മറ്റു നിർമ്മാണ യന്ത്രങ്ങളും പ്രവർത്തിപ്പിച്ച് നിയന്ത്രണം ഏറ്റെടുക്കാൻ ചെറിയ ബിൽഡർമാരെ ക്ഷണിക്കുന്നു.
170ലേറെ റൈഡുകളും ഗെയിമുകളുമായി വരുന്ന കാർണിവൽ ഫാമിലി ഫൺ ഫെയർ ആണ്. ഈ സീസണിൽ ഏറ്റവും ജനപ്രിയമായ ഏഴ് റൈഡുകളിൽ ഫാസ്റ്റ് ട്രാക്ക് ക്യൂ ലൈനുകളുമുണ്ട്. അതിഥികൾക്ക് ഒരു വിഐപിയെപ്പോലെ തോന്നുകയും ക്യൂവിൻ്റെ മുൻവശത്തെത്തുകയും ചെയ്യാം.
ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ ഗ്ലോബൽ വില്ലേജിന് നിരവധി പുരസ്‌കാരങ്ങളും ലഭിക്കാറുണ്ട്. ഈ വർഷമാദ്യം ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിൽ നിന്ന് പഞ്ചനക്ഷത്ര റേറ്റിങ്ങും സ്വോർഡ് ഓഫ് ഓണറും വീണ്ടും ലഭിച്ചതായി ഓർബ് എന്റർടൈൻമെൻ്റ് ഡയറക്ടർ പറയുന്നു.
സീസൺ 27-ൽ ഭൂമിയിൽ നിന്ന് 200 അടിയിലേറെ ഉയരുന്ന തരത്തിലുള്ള ഹീലിയം ബലൂൺ റൈഡ് ഇടം പിടിച്ചിട്ടുണ്ട്. ഗ്ലോബൽ വില്ലേജിലും ദുബായ് സ്കൈലൈനിലും ഉടനീളം 360 ഡിഗ്രി കാഴ്ചകൾ പ്രദാനം ചെയ്യുന്നതാണിത്.
ആർടിഎയുടെ ഇലക്ട്രിക് അബ്ര സേവനം
ഗ്ലോബൽ വില്ലേജിൽ ഒക്ടോബർ 25ന് ആഗോളഗ്രാമത്തിലേയ്ക്കുള്ള സന്ദർശകർക്കായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഇലക്ട്രിക് അബ്ര സേവനങ്ങളും തുടങ്ങുന്നുണ്ട്. പുനരുൽപാദന ഊർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന അബ്രയിൽ കയറാൻ യാത്രക്കാർക്ക് അവസരം നൽകി ഗ്ലോബൽ വില്ലേജിലെ വിനോദസഞ്ചാരികളുടെ എണ്ണം കൂട്ടുകയാണ് ലക്ഷ്യം. എല്ലാ വർഷവും ഗ്ലോബൽ വില്ലേജ് സീസണിൽ ആർടിഎ ഇലക്ട്രിക് അബ്ര സർവീസ് നടത്താറുണ്ട്. പ്രത്യേകിച്ചും ജലഗതാഗത സംവിധാനം സന്ദർശകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
ദുബായിലെ വിനോദസഞ്ചാരികള്‍ക്ക് യാത്രകളിൽ മനോഹരമായ കാഴ്ചകളും നഗരത്തിലെ ഐക്കണിക് ലാൻഡ്‌മാർക്കുകളും ആസ്വദിക്കാം എന്നതിനാൽ മറൈൻ യാത്രാ മാർഗങ്ങൾ അവരെ ആകർഷിക്കുന്നു. ആർടിഎയുടെ ജലഗതാഗത മാർഗങ്ങൾ ആഗോള നിലവാരമുള്ള ബോട്ട് നിർമാതാക്കളാണ് രൂപകൽപന ചെയ്തിരിക്കുന്നത്. മികച്ച സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഇവയിലുണ്ട്.
ബസ് റൂട്ടുകൾ
ഗ്ലോബൽ വില്ലേജ് 27–ാം സീസണിലെ സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കുമായി നാലു ബസ് റൂട്ടുകൾ 25 ചൊവ്വ മുതൽ സേവനം പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
അൽ റഷ്ദിയ ബസ് സ്റ്റേഷനിൽ നിന്ന് 60 മിനിറ്റ് ഇടവേളയിൽ, റൂട്ട് 102
യൂണിയൻ ബസ് സ്റ്റേഷനിൽ നിന്ന് 40 മിനിറ്റ് ഇടവിട്ട്, റൂട്ട് 103
അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് 60 മിനിറ്റ് ഇടവേളയിൽ, റൂട്ട് 104
മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ നിന്ന് ഓരോ 60 മിനിറ്റിലും, റൂട്ട് 106 എന്നിവയാണിത്.
10 ദിർഹം നിരക്കിൽ ഡീലക്സുകളും സാധാരണ ബസുകളും ഉണ്ടായിരിക്കും. ആഡംബരവും ഉയർന്ന സുരക്ഷയുമാണ് ഈ ബസുകളുടെ സവിശേഷത.