ഈദ് അൽ ഫിത്തറിനോട് അനുബന്ധിച്ച് ദുബായ് വിമാനത്താവളം വഴി കടന്നുപോയത് രണ്ട് ലക്ഷം യാത്രക്കാർ. അതിൽ 110,000 പേർ രജ്യത്തേക്ക് എത്തിയവരാണെന്നും കണക്കുകൾ.24 മണിക്കൂർ നേരത്തെ കണക്കുകളാണ് പുറത്തുവിട്ടത്. ഈ വർഷം ദുബായ് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം നിരന്തരം വർദ്ധിക്കുകയാണെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.
ഈദ് അവധിക്ക് മുമ്പ് ദുബായുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ഏപ്രിൽ 19 നും മെയ് 31 നും ഇടയിൽ മിഡിൽ ഈസ്റ്റ് ഫ്ലൈറ്റ് കപ്പാസിറ്റി ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ജിസിസിയിലെയും മിഡിൽ ഈസ്റ്റിലെയും ആറ് നഗരങ്ങളിലേക്ക് എയർലൈൻ 38 അധിക വിമാനങ്ങളാണ് ഉൾപ്പെടുത്തിയത്. റിയാദ്, ദമ്മാം, ജിദ്ദ, മദീന, കുവൈറ്റ്, ബെയ്‌റൂട്ട് എന്നിവിടങ്ങളിലേക്ക് അധിക വിമാനങ്ങൾ സർവ്വീസ് നടത്തുന്നതോടെ കൂടുതൽ യാത്രക്കാരെത്തും.
ഈ മാസം ആദ്യം എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ റിപ്പോർട്ട് അനുസരിച്ച് ദുബായ് എയർപോർട്ട് തുടർച്ചയായി ഒമ്പതാം വർഷവും ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്താരാഷ്‌ട്ര യാത്രകൾ സജീവമായതോടെ 2022-ൽ യാത്രക്കാരുടെ എണ്ണം ഇരട്ടിയായി ഉയർന്ന് 66 ദശലക്ഷത്തിലധികമായെന്നാണ് കണക്കുകൾ. അതേസമയം 2023-ൽ യാത്രക്കാരുടെ എണ്ണം 78 ദശലക്ഷമായി ഉയരുമെന്നാണ് നിഗമനം.