അൽ ഖൈൽ റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് അഞ്ച് പുതിയ മേൽപ്പാലങ്ങൾ നിർമിക്കുമെന്ന് റിപ്പോർട്ട്. പദ്ധതി പൂർത്തിയാകുന്നതോടെ അൽ ഖൈൽ റോഡിലെ ഗതാഗതക്കുരുക്ക് 30 ശതമാനം കുറയുമെന്നാണ് പഠനം. 70 കോടി ദിർഹത്തിന്റെ പദ്ധതിയാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ.) പ്രഖ്യാപിച്ചത്.
സബീൽ, മൈദാൻ, അൽ ഖൂസ് 1, ഗദീർ അൽ തായർ, ജുമൈറ വില്ലേജ് സർക്കിൾ എന്നിവയുൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ റോഡ് നവീകരണ പ്രവർത്തനങ്ങൾ നടത്തും. പദ്ധതിയുടെ കരാർ നൽകിയിട്ടുണ്ട്.
ബിസിനസ് ബേ ക്രോസിങ് മുതൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡുവരെ നീളുന്ന പ്രധാന റോഡുകളിലൊന്നാണ് അൽ ഖൈൽ റോഡ്. ഓരോ ദിശയിലും ആറ്പാതകൾ വീതമാണുള്ളത്. ശൈഖ് സായിദ്, ശൈഖ് മുഹമ്മദ് ബിൻ സായിദ്, എമിറേറ്റ്‌സ് റോഡുകൾക്ക് സമാന്തരമായാണ് അൽ ഖൈൽ റോഡുള്ളത്. മെച്ചപ്പെടുത്തൽ പദ്ധതിയിലൂടെ റോഡുകളുടെ ശേഷി വർധിപ്പിക്കാനാവുമെന്ന് ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.