ക്ഷേമ പെൻഷൻ കിട്ടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് പിച്ച ചട്ടിയെടുത്ത് തെരുവിൽ സമരം ചെയ്ത മറിയക്കുട്ടി വലിയ രീതിയിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം ഇടുക്കി വണ്ടിപ്പെരിയാറിൽ 90 വയസ്സുകാരിയുടെ സമരത്തിന് കൂടി കേരളം സാക്ഷ്യം വഹിച്ചു. ക്ഷേമ പെൻഷൻ മുടങ്ങിയതിൽ വീണ്ടും പ്രതിഷേധം വ്യാപകമാകുകയാണ്.
ഇടുക്കി അടിമാലിയിൽ വൃദ്ധദമ്പതികളാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ദയാവധത്തിന് തയാർ എന്ന ബോർഡ് സ്ഥാപിച്ചാണ് ഈ വൃദ്ധ ദമ്പതികളുടെ പ്രതിഷേധം. പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലായപ്പോഴാണ് വികലാംഗയായ 63 കാരി ഓമനയും ഭർത്താവ് 72 വയസ്സുള്ള ശിവദാസും പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
ചികിത്സയ്ക്കും മരുന്നിനും മറ്റും ആഴ്ചയിൽ ഇവർക്ക് 3000 രൂപ വേണം. ക്ഷേമ പെൻഷൻ മുടങ്ങിയതോടെ മരുന്ന് വാങ്ങാൻ കഴിയുന്നില്ലെന്നാണ് ഇവരുടെ പരാതി. കുളമാന്‍കുഴി ആദിവാസി കോളനിക്ക് സമീപം ഇവര്‍ക്ക് കൃഷിഭൂമി ഉണ്ടായിരുന്നു. കാട്ടാന ആക്രമണത്തില്‍ ഇവരുടെ കൃഷി നശിച്ചു പോയി.
തുടര്‍ന്ന് അടിമാലി പഞ്ചായത്ത് ഇടപെട്ടാണ് ഉപജീവനത്തിനായി ഇവര്‍ക്ക് പെട്ടിക്കട തുറന്നുനല്‍കിയത്. നിലവില്‍ പെട്ടിക്കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോലും പണമില്ലെന്നാണ് ദമ്പതികൾ പറയുന്നത്. മുടങ്ങിയ ക്ഷേമപെൻഷൻ സർക്കാർ ഇനിയും അനുവദിച്ചില്ലെങ്കിൽ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിന് കേരളം ഇനിയും സാക്ഷ്യംവഹിക്കേണ്ടിവരും.