റമദാനിൽ സാധാരണയായി ഉണ്ടാകുന്ന ക്ഷാമം പരിഗണിച്ച് എല്ലാവരും രക്തം ദാനം ചെയ്യാൻ തയാറാകണമെന്ന ആവശ്യവുമായി ഒമാൻ ആരോഗ്യമന്ത്രാലയം. റമദാനിന്റെ തുടക്കം മുതൽ രക്തത്തിന്റെയും പ്ലേറ്റ്ലെറ്റിന്റെയും എണ്ണത്തിൽ സെൻട്രൽ ബ്ലഡ് ബാങ്കിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് ബ്ലഡ് ബാങ്ക്സ് സർവിസസ് (ഡി.ബി.ബി.എസ്) അറിയിച്ചു. 308 രക്തദാതാക്കളും 24 പ്ലേറ്റ്ലെറ്റ് ദാതാക്കളുമാണ് തുടക്കത്തിൽ സംഭാവന നൽകിയത്.
അതേസമയം ബൗഷറിലെ ബ്ലഡ് ബാങ്കിന് റമദാനിൽ 2,700ത്തിലധികം രക്തദാതാക്കളും 260 പ്ലേറ്റ്ലെറ്റ് ദാതാക്കളും ആവശ്യമാണ്. റമദാനിൽ വൈകുന്നേരമാണ് രക്തം ദാനം ചെയ്യാനുള്ള സമയം. രാത്രി 7.30 നും 11.30നും ഇടയിൽ ദാതാക്കൾക്ക് ബൗഷറിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ബ്ലഡ് ബാങ്ക്സ് സർവിസിൽ നേരിട്ടെത്തി രക്തം നൽകാവുന്നതാണ്. നോമ്പെടുക്കാത്തവർക്ക് പകൽ സമയം എട്ട് മുതൽ ഉച്ചക്ക്12.30 വരെയും രക്തം ദാനം ചെയ്യാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.