ദുബായിലെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ബൈക്ക് അഭ്യാസം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ്ചെയ്തു. ഇയാൾക്ക് 50,000 ദിർഹം പിഴയിട്ടതിന് പുറമെ ലൈസൻസിൽ 23 ബ്ലാക്പോയന്റ് രേഖപ്പെടുത്തുകയും ചെയ്തതായി ദുബായ് പൊലീസ് അറിയിച്ചു.
തിരക്കേറിയ റോഡിൽ ഒറ്റചക്രത്തിലായിരുന്നു യുവാവിൻ്റെ ബൈക്ക് അഭ്യാസം. സാഹസിക പ്രകടനത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് നടപടി. കഴിഞ്ഞ ഏഴു മാസത്തിനിടെ ട്രാഫിക് നിയമങ്ങൾ ലംഘിച്ച 22,115 ബൈക്ക് യാത്രികർക്കെതിരെ ദുബായ് എമിറേറ്റിൽ നിയമനടപടികൾ സ്വീകരിച്ചതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി വ്യക്തമാക്കി.
വിവിധ കേസുകളിലായി 858 ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. റോഡുകളിൽ അഭ്യാസ പ്രകടനം നടത്തുന്ന ബൈക്ക് റൈഡർമാർക്കെതിരെപ്പറ്റി 901 നമ്പറിലോ ദുബൈ പൊലീസ് സ്മാർട്ട് ആപ്പിലോ പരാതി നൽകാൻ തയ്യാറാകണമെന്നും ഡയറക്ടർ ജനറൽ അഭ്യർഥിച്ചു.ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നതിൻ്റെ ഭാഗമായി പരിശോധനകളും പിഴ ഇടാക്കലുകളും വർദ്ധിപ്പിച്ചിട്ടുണ്ട്.