ദുബായിലെ ബീച്ചുകളിൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് കൂടുതൽ സൌകര്യങ്ങളൊരുക്കി ദുബായ് മുനിസിപ്പാലിറ്റി. ബീച്ചുകളിൽ ഭിന്നശേഷിക്കാർക്കായി പ്രത്യേക വീൽചെയറുകൾ പുറത്തിറക്കി. ബീച്ചുകളിലെ കരയാത്രകൾക്കും വെളളത്തിലെ നീന്തലിനും അനുയോജ്യമായ ബീച്ച് വീൽച്ചെയറുകളാണ് നൽകിയത്. ജുമൈറ ബീച്ചിലാണ് ആദ്യഘട്ടം നടപ്പാക്കിയത്.
നിശ്ചയദാർഢ്യമുള്ള ആളുകളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന നൂതന സംവിധാനങ്ങളും വെളളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന തരത്തിൽ ബലൂൺ ടയറുകളുമാണ് ബീച്ച് വീൽചെയറിൻ്റെ പ്രത്യേകത. ലൈഫ് ഗാർഡുകളുടെ സേവനങ്ങളും ലഭ്യമാക്കും. ഇത് സംബന്ധിച്ച് നിർദ്ദേശങ്ങൾ ദുബായിലെ ബീച്ചുകളിൽ സ്ഥാപിച്ചുകഴിഞ്ഞു.
ബീച്ചുകളിലെത്തുന്നവർക്ക് കൂടുതൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും സുരക്ഷിതമായും സമയം ചിലവഴിക്കുന്നതിനാണ് നടപടി. ബീച്ചുകൾ സന്ദർശിക്കുന്ന ആളുകൾക്ക് പരമാവധി സ്വയം ഉപയോഗിക്കാനാകുന്നതാണ് വീൽചെയറുകൾ. അവധിക്കാലത്ത് ബീച്ചിലെത്തുന്നവരുടെ തിരക്കുകൂടി കണക്കിലെടുത്താണ് നീക്കം. അമേരിക്കയിലും മറ്റും ബീച്ച് വീൽചെയറുകൾക്ക് ഡിമാൻ്റ് ഉയരുന്ന പശ്ചാത്തലത്തിലാണ്
ദുബായിലും പദ്ധതി നടപ്പാക്കിയത്.