പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യാത്രാ പ്രദർശന മേളയായ അറേബ്യൻ ട്രാവൽ മാർക്കറ്റിന് (എ.ടി.എം) നാളെ ദുബായിൽ തുടക്കം. മെയ് ഒമ്പത് വരെ നീണ്ടുനിൽക്കുന്ന മേള വേൾഡ് ട്രേഡ് സെൻ്ററിലാണ് നടത്തപ്പെടുന്നത്. 165 രാജ്യങ്ങളിൽ നിന്നായി 2300ലധികം പ്രദർശകരും പ്രതിനിധികളുമാണ് മേളയിൽ അണിനിരക്കുക. 41,000 സന്ദർശകരെയാണ് സംഘാടകർ മേളയിലേയ്ക്ക് പ്രതീക്ഷിക്കുന്നത്.
മേളയിൽ പങ്കെടുക്കുന്ന ഹോട്ടൽ ബ്രാന്റുകളുടെ എണ്ണം 21 ശതമാനം വർധിച്ചിട്ടുണ്ട്. പുതിയ ട്രാവൽ ടെക്നോളജി ഉൽപ്പന്നങ്ങളിൽ 58 ശതമാനം വർധനവും ഈ വർഷത്തോടെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈന, മക്കാവോ, കെനിയ, ഗ്വാട്ടിമാല, കൊളംബിയ എന്നിവയുൾപ്പെടെ നിരവധി പുതിയ യാത്രാ ലക്ഷ്യസ്ഥാനങ്ങൾ മേളയിൽ അവതരിപ്പിക്കപ്പെടും. മേളയിൽ ഒരുക്കുന്ന ഗ്ലോബൽ സ്‌റ്റേജ്, ഫ്യൂചർ സ്‌റ്റേജ് എന്നിവിടങ്ങളിലായി നടക്കുന്ന വിവിധ വിഷയങ്ങളിലെ കോൺഫറനസുകളിൽ ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്‌ധർ സംസാരിക്കും.
എടിഎമ്മിലെ ദുബായ് വിഭാഗത്തിൽ 129 ഓഹരി ഉടമകളും പങ്കാളികളും ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആന്റ് ടൂറിസവുമായി ചേരും. ദുബായിയുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്സ് തങ്ങളുടെ ഏറ്റവും പുതിയ ഉൽപന്നങ്ങളും എയർലൈനിന്റെ സുസ്ഥിര വ്യോമയാന രീതികളുടെ പ്രദർശനവും എടിഎമ്മിൽ അവതരിപ്പിക്കും.