ഒമാനിലെ ഐ ഫോൺ ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഏറെ പ്രതീക്ഷയോടെ ഒമാനികൾ കാത്തിരിക്കുന്ന ആപ്പിൾ പേ ഡിജിറ്റൽ പേയ്മെന്റ് സേവനം അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പ്രവർത്തനം തുടങ്ങും. വേനൽക്കാലത്തുതന്നെ ഇതിന്റെ പ്രവർത്തനം ആരംഭിക്കുമെന്ന് ബാങ്കിങ് മേഖലയിലുള്ളവർ പറയുന്നു. ഐ.ഒ.സ് ആപ്പുകളിലും വെബിലും പേയ്മെൻറുകൾ നടത്താൻ അനുവദിക്കുന്ന മൊബൈൽ പേയ്മെൻറ് സേവനമാണിത്.
ആപ്പിൾ പേയ്മെന്റ് നടത്താനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. അടുത്ത രണ്ട് മാസത്തിനുള്ളിൽ ലോഞ്ച് ചെയ്യുമെന്നും ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന കോമെകസിന്റെ വേദിയിൽ സെൻട്രൽ ബാങ്ക് ഓഫ് ഒമാനിൽനിന്നുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ സേവനം യാഥാർഥ്യമായാൽ ഐഫോൺ ഉപയോക്താക്കൾക്ക് ക്യാഷ് കൗണ്ടറുകളിൽ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ വഴിയുള്ള നിലവിലുള്ള പേയ്മെന്റിന് പകരം ആപ്പിൾ പേ ഉപയോഗിച്ച് പണമടക്കാൻ സാധിക്കും.
നിലവിലെ കാർഡ് അധിഷ്ഠിത പേയ്മെന്റ് രീതിക്ക് പകരമായി കാർഡ് ടോക്കണൈസേഷൻ സേവനം (സി.ടി.എസ്) നൽകുന്നതിന് ബാങ്കുകൾക്കും പേയ്മെന്റ് സേവന ദാതാക്കൾക്കും കഴിഞ്ഞ വർഷം ഒമാൻ സെൻട്രൽ ബാങ്ക് മാർഗനിർദേശങ്ങൾ നൽകിയിരുന്നു. ടോക്കണൈസേഷന് എന്നത് യഥാര്‍ഥ കാര്‍ഡ് വിശദാംശങ്ങള്‍ക്കു പകരം ടോക്കണുകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കോഡുകളില്‍ ഇടപാടുകള്‍ സാധ്യമാക്കുന്ന മാര്‍ഗമാണിത്. ഇവിടെ ഓരോ ഇടപാടിനും വ്യത്യസ്ത കോഡുകള്‍ ജനറേറ്റ് ചെയ്യപ്പെടുകയും ചെയ്യും.