നടൻ കൃഷ്ണകുമാറിൻ്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ വിവാഹിതയാകുന്നു. തമിഴ്‌നാട് സ്വദേശിയായ അശ്വിൻ ഗണേഷ് ആണ് വരൻ. സെപ്റ്റംബറിലാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചിരിക്കുന്നത്.
പെണ്ണുകാണലിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് കൃഷ്ണകുമാർ തന്നെയാണ് മകളുടെ വിവാഹ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. ‘ഓസിയുടെ സന്തോഷം ഞങ്ങളുടെയും’ എന്ന അടിക്കുറിപ്പോടെയായിരുന്നു താരം ചിത്രം പങ്കിട്ടത്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്‌ണ ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയായും ചിത്രം പങ്കുവെച്ചു.
തമിഴ് ആചാര പ്രകാരം താംബൂലവും പഴങ്ങളുമായാണ് അശ്വിന്റെ അമ്മ പെണ്ണുകാണൽ ചടങ്ങിനായി കൃഷ്ണകുമാറിൻ്റെ വീട്ടിലേക്ക് എത്തിയത്. അശ്വിന്റെ മാതാപിതാക്കളും സഹോദരനും സഹോദര ഭാര്യയും അവരുടെ കുഞ്ഞും ചേർന്ന കുടുംബമാണ് പെണ്ണുകാണാനെത്തിയത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും നടി അഹാന ഒഴികെയുള്ള ദിയയുടെ സഹോദരിമാരും ചടങ്ങിൽ പങ്കെടുത്തു.