യുഎഇയിൽ വ്യക്തിഗത ഉപയോഗത്തിനായി മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാൻ ഇ–പെർമിറ്റിന് രണ്ട് ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാമെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം. രാജ്യത്തേക്ക് വ്യക്തിഗത മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാനാഗ്രഹിക്കുന്ന യാത്രക്കാർക്കും താമസക്കാർക്കും ഇ–പെർമിറ്റിന് നേടാനോ അല്ലെങ്കിൽ രാജ്യത്തെ തുറമുഖങ്ങളിൽ എത്തുമ്പോൾ മരുന്നുകളും ഉപകരണങ്ങളും വെളിപ്പെടുത്താനോ ഓൺലൈൻ സേവനം തിരഞ്ഞെടുക്കാം. അതുവഴി കസ്റ്റംസ് അധികൃതർ മന്ത്രാലയവുമായി ഏകോപിപ്പിക്കുകയും ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യും. പുതിയ നിയമം യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരടക്കമുള്ള രോഗികളായ പ്രവാസികൾക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
സേവനങ്ങൾക്കായി ഉപഭോക്താക്കൾക്ക് ആരോഗ്യ മന്ത്രാലയത്തിലെ വെബ്സൈറ്റിലേക്കോ സ്മാർട്ട് ആപ്പിലേക്കോ ലോഗിൻ ചെയ്യാം. സേവന വിഭാഗത്തിൽ ലഭ്യമായ സൈറ്റിൽ നിന്ന് ഉപയോക്താക്കൾ ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുകയും രേഖകൾ അറ്റാച്ചുചെയ്യുകയും ഇലക്‌ട്രോണിക് രീതിയിൽ അപേക്ഷ സമർപ്പിക്കുകയും വേണം. മന്ത്രാലയത്തിൻ്റെ സേവന നിബന്ധനകൾ അനുസരിച്ച് രാജ്യത്തേക്ക് വരുന്ന വ്യക്തികൾക്ക് രാജ്യത്ത് താമസിക്കുന്ന സമയത്ത് വ്യക്തിഗത ഉപയോഗത്തിന് ആവശ്യമായ മരുന്ന് നിശ്ചിത തോതിൽ കൊണ്ടുവരാൻ അനുവാദമുണ്ട്. എന്നാൽ നിയന്ത്രിത മരുന്നുകൾ കൊണ്ടുവരണമെങ്കിൽ പരമാവധി മൂന്ന് മാസത്തേക്ക് മാത്രം കൊണ്ടുവരാനാണ് അനുവാദം. കൂടാതെ ആവശ്യമായ എല്ലാ രേഖകളും സമർപ്പിക്കണം.
മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാനുള്ള സേവനം ആരോഗ്യ സ്ഥാപനങ്ങൾക്ക് മാത്രമല്ല, ആരോഗ്യമന്ത്രാലയം നൽകുന്ന സാധുവായ മെഡിക്കൽ വെയർഹൗസ് ലൈസൻസ് കൈവശമുള്ള പ്രാദേശിക ഏജൻ്റുമാർക്കും ലഭ്യമാണ്. യോഗ്യത നേടാൻ പ്രാദേശിക ഏജൻ്റ് മന്ത്രാലയം വ്യക്തമാക്കിയ ആവശ്യകതകളും വ്യവസ്ഥകളും പാലിക്കേണ്ടതുണ്ട്.