മലയാളികൾക്ക് ഗൃഹാതുരത എന്നാൽ ജോൺസൺ മാഷ് കൂടിയാണ്…. ജോൺസൺ മാഷിന്റെ ഓർമ്മകൾക്ക് ഇന്ന് 11 വയസ്. എത്രയോ സുന്ദര7 ഗാനങ്ങളിലൂടെ അദ്ദേഹം ഇന്നും ആസ്വാദക ഹൃദയങ്ങളിൽ ജീവിക്കുന്നു.
കണ്ണീര്‍പ്പൂവിന്‍റെ കവിളില്‍ത്തലോടി… ദേവാംഗണങ്ങൾ കൈയ്യൊഴിഞ്ഞ താരകം… ദേവീ… കുന്നിമണിചെപ്പു തുറന്ന്… പാലപ്പൂവേ… ആടിവാ കാറ്റേ… രാജഹംസമേ… മോഹം7 കൊണ്ടു ഞാൻ… മനസ്സിൻ മടിയിലെ… ഗോപികേ നിൻ വിരൽ… മധുരം ജീവാമൃത ബിന്ദു… അനുരാഗിണി…. അങ്ങനെ എത്രയെത്ര മാസ്മരിക ഈണങ്ങൾ പകർന്ന ഗാനങ്ങള്‍….
1953 മാർച്ച് 26ന് ജനനം. പള്ളി ക്വയറിൽ പാടി തുടക്കമിട്ട സംഗീത ജീവിതം. ഹാർമോണിയവും ഗിറ്റാറുമൊക്കെ പഠിച്ച് ഗാനമേളകളുടെ ഭാഗമായി. 1968ൽ വോയിസ് ഓഫ് തൃശ്ശൂർ എന്ന സംഗീതക്കൂട്ടായ്മയിലെത്തി. അങ്ങനെ പിന്നണി ഗാന രംഗത്തേക്ക്… ദേവരാജൻ മാഷിന്റെ സഹായിയായി. 1974ൽ ചെന്നൈയിലെത്തി എ.ആർ റഹ്മാന്റെ അച്ഛൻ കെ.ആർ ശേഖറിന്റെ അസിസ്റ്റൻറായി. 1978ൽ ആദ്യമായി പശ്ചാത്തല സംഗീതം ഒരുക്കി.
ഭരതന്റെ ആരവം, തകര, ചാമരം എന്നീ സിനിമകൾ. 1981ൽ ഇണയെത്തേടി എന്ന സിനിമയിൽ ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനായി. പിന്നീട് പ്രേമഗീതങ്ങൾ, ഒരിടത്തൊരു ഫയൽവാൻ, ചാട്ട, കിലുകിലുക്കം, ഓർമ്മയ്ക്കായി, കേൾക്കാത്ത ശബ്‍ദം, സൂര്യൻ, പാളങ്ങൾ, ശേഷം കാഴ്ചയിൽ, താവളം തുടങ്ങി ഒട്ടേറെ സിനിമകൾക്ക് ഗാനങ്ങൾ ഒരുക്കി.
1994ൽ പൊന്തൻമാടയിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കി. ആ അവാർഡ് നേടുന്ന ആദ്യ മലയാളിയെന്ന നേട്ടവും ജോൺസൺ മാഷിന്. അഞ്ച് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയിട്ടുള്ള ജോൺസൺ മാഷിന് രണ്ടു തവണ പശ്ചാത്തല സംഗീതത്തിനാണ് പുരസ്‌കാരം ലഭിച്ചത്. പറന്ന് പറന്ന് പറന്ന്, എന്റെ ഉപാസന, നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, കരിയില കാറ്റുപോലെ, അപരൻ, പൊന്മുട്ടയിടുന്ന താറാവ്, മാളൂട്ടി, കളിക്കളം, സസ്നേഹം, സദയം, പക്ഷേ, പിൻഗാമി, കിരീടം, ചെങ്കോൽ, ഞാൻ ഗന്ധർവ്വൻ തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ഇന്നും ഹൃദയത്തോട് ചേർത്തുവെക്കുന്നവയാണ്. മണിച്ചിത്രത്താഴിന് നൽകിയ പശ്ചാത്തല സംഗീതം അനശ്വരമായി മലയാളികൾ നെഞ്ചിലേറ്റിയതാണ്.