നടൻ അശോകനെ ഇനി മുതൽ ഒരു വേദിയിലും അനുകരിക്കില്ല. നിലാപാട് വ്യക്തമാക്കി നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട് രംഗത്തെത്തി. അസീസ് തന്നെ അനുകരിക്കുന്നത് മോശമായാണെന്ന് അശോകൻ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് അസീസ് നെടുമങ്ങാടിൻ്റെ തീരുമാനം. പഴഞ്ചൻ പ്രണയം എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പരിപാടിയിലാണ് അസീസ് ഇക്കാര്യം അറിയിച്ചത്.
അശോകനുമായി താൻ വേദികൾ പങ്കിട്ടിട്ടുണ്ട്. ഒരാളെ അനുകരിക്കുമ്പോൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് തുറന്നുപറയാൻ അയാൾക്ക് സ്വാതന്ത്ര്യമുണ്ട്. തൻ്റെ അനുകരണം അശോകന് അരോചകമായി തോന്നിയിട്ടുണ്ടാകാം. സുഹൃത്തുക്കൾക്ക് ഇഷ്ടമല്ലെങ്കിൽ കൂടി അവരെ അനുകരിക്കുന്നത് മാന്യതയല്ലെന്ന് മനസിലാക്കിയാണ് തൻ്റെ തീരുമാനമെന്നും അസീസ് പറഞ്ഞു.
അമരം സിനിമയിലെ കഥാപാത്രത്തെയാണ് എല്ലാവരും അനുകരിക്കുന്നതെന്നും പക്ഷേ ഓവറാക്കി കളിയാക്കുന്നത് പോലെയാണ് തോന്നിയത് എന്നുമായിരുന്നു അശോകൻ പ്രതികരിച്ചിരുന്നത്. അശോകേട്ടൻ്റെ ആ ഇൻ്റർവ്യു കണ്ടിരുന്നെന്നും അസീസ് നെടുമങ്ങാട് പറഞ്ഞു. അശോകൻ ചേട്ടനെപ്പോലുള്ള താരങ്ങളെ ജനങ്ങൾക്കിടയിൽ വീണ്ടും ഓർമിപ്പിക്കുന്നത് മിമിക്രി കലാകാരൻമാരാണ്. സ്റ്റേജിലെ പ്രകടനത്തിന് ഓവറായി ചെയ്യേണ്ടിവരുമെന്നും അതായിരിക്കാം അശോകനെ വിഷമിപ്പിച്ചതെന്നും അസീസ് കൂട്ടിച്ചേർത്തു.അതേ സമയം നല്ല സ്കിറ്റുകൾ തുടരുമെന്നും അസീസ് പറഞ്ഞു.
മിമിക്രിയിലൂടെ കലാരംഗത്തും സിനിമയിലും എത്തിയ താരമാണ് അസീസ് നെടുമങ്ങാട്. മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിൽ മികച്ച പ്രകടനം നടത്തിയ അസീസ് പ്രേക്ഷക പ്രീതിയും പിടിച്ചുപറ്റിയിരുന്നു.