ദ കേരള സ്റ്റോറിക്കെതിരെ എന്ത് നടപടി സ്വീകരിക്കാൻ കഴിയും എന്നതിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ. സിനിമയ്ക്കെതിരെ നിയമപരമായി നീങ്ങും എന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതിന് പിന്നാലെയാണ് സർക്കാർ നിയമോപദേശം നേടിയത്. മെയ് 5നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സംസ്ഥാനത്ത് പ്രദർശന അനുമതി നിഷേധിക്കുന്നതടക്കം സംസ്ഥാന സർക്കാർ ആലോചനയിലുണ്ടെന്നാണ് വിവരം.
അതേ സമയം ‘ദ കേരള സ്റ്റോറിക്ക്’ സെൻസർ ബോർഡിൻറെ പ്രദർശാനുമതി ലഭിച്ചു. എ സർട്ടിഫിക്കറ്റോടെയാണ് ചിത്രത്തിന് പ്രദർശനാനുമതി നൽകിയത്. ചിത്രത്തിൻറെ നിർമ്മാതാവ് വിപുൽ അമൃത്ലാൽ ഷായാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഒപ്പം ചിത്രത്തിൻറെ വിവിധ ഇടങ്ങളിലായി സംഭാഷണങ്ങൾ അടക്കം പത്ത് മാറ്റങ്ങൾ സെൻസർ ബോർഡ് ചിത്രത്തിൽ നിർദേശിച്ചിട്ടുണ്ട്.
സെൻസർ ബോർഡ് മാറ്റം നിർദേശിച്ച ഭാഗങ്ങൾ ഇങ്ങനെയാണ്. തീവ്രവാദികൾക്കുള്ള ധനസഹായം പാകിസ്താൻ വഴി അമേരിക്കയും നൽകുന്നു എന്ന സംഭാഷണം. ഹിന്ദുക്കളെ അവരുടെ ആചാരങ്ങൾ ചെയ്യാൻ കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മതിക്കുന്നില്ല എന്ന സംഭാഷണ ഭാഗം. ഇന്ത്യൻ കമ്യൂണിസ്റ്റുകൾ അവസരവാദിയാണ് എന്ന പറയുന്നിടത്ത് നിന്ന് ഇന്ത്യൻ കമ്യൂണിസ്റ്റ് എന്നതിൽ ഇന്ത്യൻ എന്ന് നീക്കം ചെയ്യണം. അവസാനം കാണിക്കുന്ന തീവ്രവാദത്തെ പരാമർശിക്കുന്ന മുൻമുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നും സെൻസർ ബോർഡ് പറയുന്നു.