ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇഗ്ലണ്ടിനെ മലർത്തിയടിച്ച് ദക്ഷിണാഫ്രിക്ക. പ്രോട്ടീസിന്റെ മികച്ച പ്രകടനത്തിന് മുന്നിൽ തകർന്നടിഞ്ഞ ഇംഗ്ലണ്ട് 229 റൺസിന്റെ നാണംകെട്ട തോൽവിയാണ് നേരിട്ടത്. ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ മൂന്നാമത്തെ തോൽവിയാണിത്.
അതേസമയം ഹെയ്ൻറിച് ക്ലാസന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തിൽ ദക്ഷിണാഫ്രിക്ക 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 399 റൺസെടുത്ത് വിജയത്തിലേക്കുള്ള പാത പണിതു. മറുപടി ബാറ്റിങ്ങിൽ 22 ഓവറിൽ 170 റൺസിനാണ് ഇംഗ്ലണ്ട് ഓൾ ഔട്ടായത്. കൂടാതെ പ്രോട്ടീസ് ബൗളർമാരും മികച്ച പ്രകടനം കാഴ്ചവച്ച മത്സരത്തിൽ ഇംഗ്ലീഷ് ബാറ്റർമാർക്ക് പിടിച്ചു നിക്കാൻ കഴിഞ്ഞില്ല. 17 പന്തിൽ 43 റൺസുമായി പുറത്താകാതെ നിന്ന മാർക് വുഡാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.
എന്നാൽ ഒമ്പതാം വിക്കറ്റില്‍ മാര്‍ക്ക് വുഡും ഗസ് അറ്റ്കിന്‍സണും ചേര്‍ന്ന് നടത്തിയ അർധ സെഞ്ചുറി കൂട്ടുകെട്ട് കൂടിയി ഇല്ലായിരുന്നെങ്കിൽ ഇംഗ്ലണ്ട് ഇതിലും നാണംകെട്ട തോൽവി ഏറ്റുവാങ്ങുമായിരുന്നു. എട്ടു വിക്കറ്റിന് നൂറ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ജോണി ബെയർസ്റ്റോ (12 പന്തിൽ 10), ഡേവിഡ് മലാൻ (11 പന്തിൽ ആറ്), ജോ റൂട്ട് (ആറു പന്തിൽ രണ്ട്), ബെൻ സ്റ്റോക്സ് (എട്ടു പന്തിൽ അഞ്ച്), ഡേവിഡ് വില്ലി (12 പന്തിൽ 12), ആദിൽ റാഷിദ് (14 പന്തിൽ 10), ഹാരി ബ്രൂക്ക് (25 പന്തിൽ 17), ജോസ് ബട്ലർ (ഏഴു പന്തിൽ 15), ഗസ് അറ്റ്കിൻസൺ (21 പന്തിൽ 35) എന്നിങ്ങനെയാണ് ടീമിനായി ബാക്കിയുള്ളവർ നൽകിയ സംഭാവന. റീസ് ടോപ്ലി പരിക്കിനെ തുടർന്ന് പിന്മാറിയതിനാൽ ബാറ്റിങ്ങിന് ഇറങ്ങാനായില്ല.