സൌദിയിൽ സ്വദേശി പൌരൻമാർക്ക് നടപ്പാക്കിയ സിറ്റിസൺ അക്കൌണ്ട് പദ്ധതി തുടരാൻ ഭരണാധികാരി സൽമാൻ രാജാവിൻ്റെ തീരുമാനം. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് പദ്ധതി തുടരാൻ സൽമാൻ രാജാവ് നിർദേശിച്ചത്.
ഇന്ധന, വൈദ്യുതി ഇനത്തിലും മറ്റുമുള്ള സബ്സിഡികൾ അർഹരായ സ്വദേശികൾക്ക് ബാങ്ക് അക്കൗണ്ടുകൾ വഴി നേരിട്ട് വിതരണം ചെയ്യുന്നതാണ് സിറ്റിസൺ അക്കൗണ്ട് പദ്ധതി. ആഗോള തലത്തിൽ നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റവും മറ്റ് പ്രത്യാഘാതങ്ങും കണക്കിലെടുത്ത് അർഹരായ കുടുംബങ്ങൾക്ക് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയത്.ഇതിനായി കഴിഞ്ഞ വർഷം ജൂലൈയിൽ 800 കോടി റിയാൽ നീക്കിവച്ചിരുന്നു.
സിറ്റിസൺ അക്കൗണ്ട് പദ്ധതി ഗുണഭോക്താക്കൾക്ക് നേരത്തെ പ്രഖ്യാപിച്ച താൽക്കാലിക അധിക സഹായം നാലു മാസത്തേക്കു കൂടി ദീർഘിപ്പിക്കാനാണ് പുതിയ നിർദ്ദേശം. താൽക്കാലിക സഹായം ജൂലൈ വരെയാണ് തുടരുക. സിറ്റിസൺ അക്കൗണ്ട് പദ്ധതിയിൽ പുതിയ ഗുണഭോക്താക്കളുടെ രജിസ്ട്രേഷനും തുടരുമെന്നാണ് അറിയിപ്പ്. അതേസമയം ഏപ്രിൽ മാസത്തെ സിറ്റിസൺ അക്കൗണ്ട് പദ്ധതി സഹായം കഴിഞ്ഞ ദിവസം ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചെന്നും അധികൃതർ സൂചിപ്പിച്ചു.