കോഴിക്കോട് താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണം തുടരുന്നു. കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയെ കഴിഞ്ഞ ദിവസം രാത്രി വെള്ള കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്. ഭാര്യ സനിയയെയും കാറിൽ കയറ്റിക്കൊണ്ടുപോയെങ്കിലും പിന്നീട് വഴിയിൽ ഇറക്കിവിട്ടു.
പരപ്പൻപൊയിലിലെ വീട്ടിൽനിന്നാണ് ഷാഫിയെ മുഖംമൂടി ധരിച്ച് ആയുധങ്ങളുമായിയ സംഘം തട്ടിക്കൊണ്ടുപോയതെന്ന് ഭാര്യ മൊഴിനൽകിയിട്ടുണ്ട്. തുടർന്നുളള അന്വേഷണത്തിൽ കാറിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. എന്നാൽ നമ്പർ വ്യക്തമായിട്ടില്ല. കാർ എങ്ങോട്ട് പോയി എന്നത് സംബന്ധിച്ചും വിവരമില്ല. പിടിവലിക്കിടെ ഗുണ്ടകൾ കൊണ്ടുവന്ന പിസ്റ്റളിന്റെ പൊട്ടിയ ഭാഗങ്ങൾ പൊലീസ് കണ്ടെടുത്തു.
സംശയമുള്ള വ്യക്തികളേയും ഇടങ്ങളേയും കേന്ദ്രീകരിച്ചാണ് അന്വേഷണം. എന്നാൽ കാര്യമായ സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യൻ്റെ നേതൃത്വത്തിലാണ് അന്വേഷണം. സ്വർണം, ഹവാല ഇടപാടുമായി ബന്ധപ്പെട്ടുളള തർക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സൂചനകൾ.അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം. നേരത്തേ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ കേസിലെ 2 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്.