2019 ജൂണിൽ ദുബായിലുണ്ടായ ബസ്സപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇന്ത്യൻ യുവാവിന് ദുബായ് കോടതി 11.5കോടി രൂപ നഷ്ടപരിഹാരം വിധിച്ചു.50 ലക്ഷം ദിര്ഹംമാണ് യുവാവിന് ലഭിക്കുക. ഒമാനില്‍ നിന്ന് പുറപ്പെട്ട ബസ് ദുബൈ റാഷിദിയയില്‍ അപകടത്തില്‍പ്പെട്ട സംഭവത്തിലാണ് കോടതി വിധി. യുവാവിൻ്റെ പ്രായവും പരുക്കുകളുടെ ഗുരുതരാവസ്ഥയും ഫോറൻസിക് കണ്ടെത്തലുകളും പരിഗണിച്ചാണ് കോടതി വിധി. തുക ബസിന്റെ ഇൻഷുറൻസ് കമ്പനി കൈമാറും.
ഹൈദരാബാദ് സ്വദേശിയും റാസൽഖൈമയിൽ എൻജിനീയറിങ് വിദ്യാർഥിയുമായിരുന്ന മുഹമ്മദ് ബൈഗ് മിര്‍സ എന്ന യുവാവിനാണ് ഗുരുതരമായി പരുക്കേറ്റത്. കേസ് ഏറ്റെടുത്തു നടത്തിയ ഷാർജയിലെ ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്സ് അധികൃതർ വാർത്താ സമ്മേളനത്തിലാണ് നഷ്ടപരിഹാരം ലഭ്യമായ വിവരം അറിയിച്ചത്. പെരുന്നാള്‍ ആഘോഷത്തിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ 12 ഇന്ത്യക്കാരടക്കം 17 പേർ മരിച്ചിരുന്നു.
അപകടം നടക്കുമ്പോൾ യുവാവിന് 20 വയസ്സായിരുന്നു പ്രായം. റമദാൻ അവധിക്കാലം ബന്ധുക്കളോടൊപ്പം ചെലവഴിക്കാൻ മസ്കത്തിലേക്ക് പോയി മടങ്ങിവരുമ്പോഴാണ് അപകടം . രണ്ടര മാസത്തോളം ദുബൈ റാഷിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവാവ്. രണ്ടാഴ്ച അബോധാവസ്ഥയിൽ കഴിഞ്ഞ ശേഷമാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. ആശുപത്രിയിൽനിന്ന് പുറത്തിറങ്ങിയ ശേഷവും നീണ്ടകാലം ചികിത്സ തേടി. ഇതോടെ പഠനവും മറ്റും നിലച്ചിരുന്നു.
അഡ്വക്കേറ്റ്സ് സീനിയർ കൺസൾട്ടന്റ് ഈസാ അനീസ്, അഡ്വ. യു.സി അബ്ദുല്ല, അഡ്വ. മുഹമ്മദ് ഫാസിൽ എന്നിവരാണ് കേസ് ഏറ്റെടുത്ത് നടത്തിയത്. വാർത്താ സമ്മേളനത്തിൽ മുഹമ്മദ് ബെയ്ഗിന്റെ മാതാപിതാക്കളായ മിർസ ഖദീർ ബെയ്ഗ്, സമീറ നസീർ തുടങ്ങിയവരും പങ്കെടുത്തു.