മിമിക്രി എന്ന കലയിലെ മുടിചൂടാമന്നൻമാരിൽ ഒരാളാണ് നടൻ ജയറാം. സിനിമയിലെത്തും മുമ്പ് കലാഭവനിലും അതിനും മുമ്പ് സാക്ഷാൽ യേശുദാസിൻ്റെ ട്രൂപ്പിലും മിമിക്രി അവതരിപ്പിച്ച കലാകാരൻ. പ്രേംനസീറിൻ്റെ അവതരണത്തിന് പകരക്കാരനില്ലാത്ത, കമലഹാസൻ്റെ ശബ്ദം മാസ്റ്റർ പീസുകളിലൊന്നാക്കിയ കലാകാരൻ.
സിനിമയിലെ തിരക്കുകൾക്കിടയിൽ മിമിക്രിപ്രകടനം അൽപ്പം കുറഞ്ഞെങ്കിലും സ്റ്റേജ് കണ്ടാൽ ജയറാമിലെ കലാകാരൻ ഉണരും. ഏത് വലിയ വേദിയിലും മടുപ്പില്ലാതെ പ്രകടനങ്ങളുമായി രംഗത്തെത്തും. ആരാധകരെ കയ്യിലെടുക്കും.
ചെണ്ടമേളവും ആനയും പൂരവുമൊക്കെ ജയറാമിൻ്റെ ഹരമാണെന്ന് മലയാളികൾക്കറിയാം. അതേസമയം സ്റ്റേജിൽ നിരവധി പരീക്ഷണങ്ങൾക്കും ജയറാം മുതിരാറുണ്ട്. പുതിയ പാട്ടുകൾ അവതരിപ്പിച്ചും ഫ്യൂഷനുകൾ അവതരിപ്പിച്ചും ജയറാം രംഗത്തെത്താറുണ്ട്.
അങ്ങനൊരു പരീക്ഷണവുമായി ജയറാം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഇക്കുറി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിൻ്റെ ശബ്ദാനുകരണമാണ് ജയറാം നടത്തിയത്. സോഷ്യൽ മീഡിയയിലൂടെ ജയറാം തന്നെയാണ് പുതിയ മിമിക്രി പുറത്തുവിട്ടത്. ഒരു ചെറിയ ശ്രമം എന്ന് കുറിച്ചുകൊണ്ടാണ് ജയറാം ഓഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
View this post on Instagram
ജയറാമേട്ടാ.. തകർത്തു.. വേറെ ലെവൽ പ്രകടനം.., അവിടെ ബാറ്റുകൊണ്ടും ഇവിടെ ശബ്ദം കൊണ്ടും.., ഐപിഎൽ തുടങ്ങാൻ നോക്കിയിരിക്കുവാർന്നല്ലേ.. തുടങ്ങി നിരവധി കമൻ്റുകളാണ് പോസ്റ്റിനു ലഭിക്കുന്നത്. ജയറാമും സഞ്ജുവും നല്ല സുഹൃത്തുക്കളാണ്. നേരത്തെ സഞ്ജു ജയറാമിൻ്റെ വീട്ടിൽ സന്ദർശനം നടത്തിയതിൻ്റെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.
അതേസമയം സിനിമയിലും ജയറാമിന് തിരക്കിൻ്റെ കാലമാണ്. മലയാളത്തിലേക്കാൾ തമിഴ്, തെലുങ്ക് സിനിമകളിലാണ് ജയറാം പുതിയതായി അഭിനയിക്കുന്നത്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനാണ് ജയറാം അവസാനം അഭിനയിച്ച തമിഴ് ചിത്രം. സിനിമയുടെ രണ്ടാം ഭാഗം ഏപ്രിൽ 28ന് റിലീസാകുമെന്നാണ് റിപ്പോർട്ടുകൾ.