യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം ക്രമീകരിച്ച് സർക്കുലർ. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസാണ് സർക്കുലർ പുറത്ത് വിട്ടത്. യുഎഇ കാബിനറ്റ് പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
റമദാൻ കാലത്തെ സാധാരണ ദിനങ്ങളിൽ പകൽ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് രണ്ടര വരെയും വെള്ളിയാഴ്ച പകൽ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയുമാണ് പുതിയ പ്രവൃത്തി സമയം. അധികാരികൾക്ക് ആവശ്യങ്ങൾക്ക് അനുസൃതമായി സമയം ക്രമീകരിക്കുന്നതിനും വർക്ക് ഫ്രം ഹോം ഷെഡ്യൂളുകൾ നടപ്പിലാക്കുന്നതിനും അനുമതിയുണ്ട്. റമദാനോടനുബന്ധിച്ച് പൗരന്മാർക്കും താമസക്കാർക്കും മികച്ച അനുഭവങ്ങൾ നൽകുന്നതിൽ യുഎഇ വേറിട്ട് നിൽക്കുന്നുവെന്നും അതോറിറ്റി അറിയിച്ചു.
റമാദാനോട് അനുബന്ധിച്ച് സ്കൂളുകളിലും സമയക്രമീകരണം നടപ്പാക്കും. വിശുദ്ധ മാസം ആചരിക്കാനുളള ഒരുക്കങ്ങൾ മുന്നോട്ടുപോകുന്നതിനിടെ ജനങ്ങൾ പാലിക്കേണ്ട പൊതു മാനദണ്ഡങ്ങളും കഴിഞ്ഞ ദിവസം അധികൃതർ പുറത്തിറക്കിയിരുന്നു.