2023-2024 അധ്യയന വർഷം ദുബായ് എമിറേറ്റ്സിലെ സ്കൂളുകളിൽ ഫീസ് ഉയരും. മൂന്ന് ശതമാനം ഫീസ് വർധനക്ക് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി അനുമതി നൽകി. സ്കൂളുകളുടെ പ്രവർത്തന ചിലവ് വർധിച്ച സാഹചര്യത്തിലാണ് തീരുമാനം.
ദുബായ് സ്കൂൾ ഇൻസ്പക്ഷൻ ബ്യൂറോ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും ഓരോ സ്കൂളിനും ഫീസ് വർധനക്ക് അനുമതി നൽകുകയെന്ന് KHDA-യിലെ പെർമിറ്റ്‌സ് ആൻഡ് കംപ്ലയൻസ് സെക്‌ടറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് ദാർവിഷ് വ്യക്തമാക്കി. പഠന നിലവാരവും സ്കൂൾ പഠനാന്തരീക്ഷവും മെച്ചപ്പെടുത്തിയ സ്കൂളുകൾക്ക് മാത്രമായിരിക്കും മൂന്ന് ശതമാനം ഫീസ് വർധന അനുവദിക്കുകയെന്നും അതോറിറ്റി അറിയിച്ചു.
അതേസമയം പരിശോധയനിൽ നിലവാരം കുറഞ്ഞതായി കണ്ടെത്തിയ സ്കൂളുകൾക്ക് ഫീസ് വർധനവിന് അനുമതി നൽകില്ല. വാർഷിക റേറ്റിംഗിൻ്റെ അടിസ്ഥാനത്തിലാണ് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി തീരുമാനം എടുക്കുന്നത്.