ഷാർജ അൽ മംസാർ ഏരിയയിൽ ക്യാമ്പിങ്ങിനായി എത്തുന്ന വിനോദ വാഹനങ്ങളുടെയും (ആർവി) ട്രെയിലറുകളുടെയും ഉടമകൾക്ക് പാർക്കിംഗ് പെർമിറ്റ് വിതരണം ആരംഭിച്ചതായി ഷാർജ മുനിസിപ്പാലിറ്റി. വ്യക്തികൾക്ക് അവരുടെ വാഹനങ്ങൾ നിയുക്ത ഇടങ്ങളിൽ പാർക്ക് ചെയ്യാൻ ഈ പെർമിറ്റുകൾ ഉപയോഗിക്കാമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
ക്യാമ്പുകൾക്ക് എത്തുന്ന വാഹനങ്ങളും കാരവൻ വിനോദ സഞ്ചാരികൾക്കും ട്രെയിലറുകൾക്കും പാർക്കിംഗ് കണ്ടെത്തുക എന്നത് ഇതുവരെ വെല്ലുവിളിയായിരുന്നു. എന്നാൽ പെർമിറ്റുകൾ നൽകുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. ഓരോരുത്തർക്കും പ്രത്യേകമായി അനുവദിച്ച ഇടങ്ങളിൽ പാർക്കിംഗിന് അവസരമൊരുങ്ങും.
വാഹന ഉടമയുടെ എമിറേറ്റ്സ് ഐഡി, വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിൻ്റെ ഫോട്ടോകോപ്പി എന്നിവയാണ് പെർമിറ്റിന് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ.വാഹന ഉടമകൾ ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 5-ലെ കൺട്രോൾ & ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റിലെ കസ്റ്റമർ സർവീസ് കൗണ്ടർ സന്ദർശിക്കുകയോ ആവശ്യമായ രേഖകൾ സഹിതം ഇ-മെയിൽ വഴി [email protected] എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കുകയോ വേണം. 993 എന്ന ടെലഫോൺ നമ്പർ വഴിയും സേവനം നൽകുന്നുണ്ട്.
വിനോദസഞ്ചാര മേഖലയെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷാർജ മുനിസിപ്പാലിറ്റിയുടെ നീക്കം. ഇതോടെ കൂടുതൽ കാരവൻ സഞ്ചാരികളും ക്യാമ്പിംഗ് പ്രേമികളും വാരാന്ത്യങ്ങൾ ചെലവഴിക്കാൻ പ്രദേശത്തേക്ക് എത്തിച്ചേരുമെന്നാണ് നിഗമനം.