നമ്മൾ ജീവിക്കുന്നത് നരകത്തിലാണെന്ന് നടന്‍ ശ്രീനിവാസന്‍. രാഷ്ട്രീയം എന്നത് ജനാധിപത്യത്തില്‍നിന്ന് മാറി തെമ്മാടിപത്യമായെന്നും ശ്രീനിവാസന്‍റെ തുറന്ന വിമര്‍ശനം. ലവ്ഫുള്ളി യുവേഴ്സ് വേദ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവിടെ പറയേണ്ട കാര്യമാണോ എന്ന് അറിയില്ല, എങ്കിലും മനസ്സിൽ വീർപ്പുമുട്ടി കിടക്കുന്ന കുറച്ചു കാര്യങ്ങൾ ഒരു മൈക് കിട്ടിയപ്പോൾ പറയാൻ ആഗ്രഹം തോന്നിയെന്നാണ് ശ്രീനിവാസന്‍ പറഞ്ഞു തുടങ്ങിയത്. നമ്മൾ ജീവിക്കുന്ന ചുറ്റുപാടിനെക്കുറിച്ചാണ് പറയാനുളളത്. ഒരു നരകത്തിലാണ് നമ്മൾ ജീവിക്കുന്നത്. ജനാധിപത്യം എന്നൊക്കെയാണ് പറയുന്നത്. കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവ് വോട്ട് ചെയ്യുന്നവർക്ക് ഉണ്ടാകണമെന്നാണ് തത്വചിന്തകനായ സോക്രട്ടീസ് പറഞ്ഞിട്ടുളളത്. അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഡെമോക്രസി കണ്ടുപിടിച്ചവനെ തൂക്കിക്കൊന്നിട്ട് ആത്മഹത്യ ചെയ്തേനേയെന്നും ശ്രീനിവാസന്‍ സൂചിപ്പിച്ചു.
രാഷ്ട്രീയത്തിലെ പെരും കള്ളന്മാർക്ക് അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യമെന്നും ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്മാരെ ഒരു ചുക്കും ചെയ്യാൻ പറ്റാത്ത വ്യവസ്ഥിതിയാണ് നിലനില്‍ക്കുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഇതിനെ ജനാധിപത്യം എന്നല്ല മറിച്ച് തെമ്മാടിപത്യം എന്നാണ് വിളിക്കേണ്ടതെന്നും ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. ഈ ദുരിതം എന്നെങ്കിലും മാറുമോ എന്ന ആഗ്രഹത്തോടുകൂടി കഴിയാം എന്നല്ലാതെ ഒരു പ്രതീക്ഷയും നമുക്കില്ലെന്നാണ് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തത്. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയെ പ്രത്യേകമായി എടുത്തു പറയുകയല്ല എല്ലാ രാഷ്ട്രീയപാർട്ടികളും കണക്കാണെന്ന് പറഞ്ഞാണ് ശ്രീനിവാസൻ സംസാരം അവസാനിപ്പിച്ചത്.
സിനിമയില്‍ നാല്‍പത് വര്‍ഷമായിട്ടും ആദ്യമായാണ് താന്‍ ഒരു ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഒരുപക്ഷേ സംഗീതിത്തിലുളള തന്‍റെ അവഗാഹം ആര്‍ക്കും മനസ്സിലാകാത്തതാണ് തന്നെ വിളിക്കാതിരിക്കാന്‍ കാരണം. ഇത് തെളിയിക്കാന്‍ താന്‍ തന്നെ എഴുതി, സംവിധാനം ചെയ്ത്, ആലപിക്കുന്ന ആല്‍ബം രണ്ടുമാസത്തിനുളളില്‍ പുറത്തിറക്കുമെന്നും ശ്രീനിവാസന്‍ സരസമായി പറഞ്ഞു. പിന്നീടാണ് തുറന്ന വിമര്‍ശനം നടത്തിയത്.