ഒരാഴ്ച നീണ്ടുനിന്ന ഈദ് അൽ ഫിത്തർ അവധിക്കാലത്ത് ദുബായിലെ പാര്‍ക്കുകളില്‍ അനുഭവപ്പെട്ടത് വന്‍ തിരക്ക്. കുടുംബസമേതമാണ് ആളുകൾ പാര്‍ക്കുകളില്‍ എത്തിയതെന്നും ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾക്ക് ശേഷം ലഭ്യമായ നീണ്ട അവധി യുഎഇ നിവാസികൾ ആഘോഷമാക്കിയെന്നാണ് വിലയിരുത്തല്‍.
എമിറേറ്റിലെ പാർക്കുകളിൽ രണ്ടര ലക്ഷത്തിലധികം സന്ദർശകരാണ് എത്തിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മുൻ വർഷത്തെ കാലയളവിനെ അപേക്ഷിച്ച് 76.38 ശതമാനം വർധനവാണുണ്ടായത്. ദുബായിലെ അൽ മംസാർ പാർക്കിലാണ് ഏറ്റവും കൂടുതൽ സന്ദർശനം നടത്തിയതെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പാര്‍ക്കുകളിലും ബീച്ചുകളിലും തിരക്കേറുമെന്ന നിഗമനത്തില്‍ ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും അധികൃതര്‍ സ്വീകരിച്ചിരുന്നു. മുന്നറിയിപ്പ് ബോര്‍ഡുകൾ സ്ഥാപിക്കുകയും സുരക്ഷാ ഗാര്‍ഡുകളെ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.