52-ാമത് ദേശീയ ദിനത്തിന്‍റെ നിറില്‍ ഒമാന്‍. നാടും നഗരവും ദേശീയ ദിനാഘോഷത്തിലാണ്. സലാലയിലുള്ള അൽ-നാസർ സ്‌ക്വയറില്‍ നടന്ന സൈനിക പരേഡില്‍ സുൽത്താൻ ഹൈതം ബിൻ ത്വാരിക് സല്യൂട്ട് സ്വീകരിച്ചു. ബുധനാഴ്ച ദക്ഷിണ ദോഫാർ ഗവർണറേറ്റിൽ ഉദ്യോഗസ്ഥർ മാർച്ചിൽ പങ്കെടുത്തുകൊണ്ടാണ് ഔദ്യോഗിക ആഘോഷങ്ങൾക്ക് തുടക്കമായത്.
ഒരുമാസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. നവംബര്‍ അവസാനം വരെ ആഘോഷങ്ങൾ നീണ്ടുനില്‍ക്കും. രാജ്യത്തെ ഗവർണറേറ്റുകളിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുളളത്. ദേശീയ ചിഹ്നങ്ങളും കൊടിതോരണങ്ങളും വൈദ്യുത വിളക്കുകളുമായി വീടുകളും ഓഫീസുകളും അലംകൃതമാണ്.
അതേസമയം ഒമാന് ആശംസ അറിയിച്ച് നിരവധി രാഷ്ട്രങ്ങൾ രംഗത്തെത്തി. ഒമാനൊപ്പം യുഎഇ നിവാസികളും ഈ ദിവസം ആഘോഷിക്കുകയാണെന്ന് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്‍ പറഞ്ഞു യുഎഇയിലെ ജനങ്ങൾ നിങ്ങളുടെ സഹോദരീ സഹോദരന്മാരാണെന്നും , സഹോദരൻ സുൽത്താൻ ഹൈതം ബിൻ താരിഖിനും ഒമാനിലെ ഞങ്ങളുടെ എല്ലാ സുഹൃത്തുക്കൾക്കും ആശംസകൾ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദും ഒമാൻ സുൽത്താനും രാജ്യത്തെ ജനങ്ങൾക്കും ആശംസകൾ നേർന്നു. വിപുലമായ ആഘോഷങ്ങളും ദുബായില്‍ നടന്നു. ബുര്‍ജ് ഖലീഫയില്‍ ആശംസകൾ അര്‍പ്പിച്ച് ഒമാന്‍റെ പതാക പ്രദര്‍ശിപ്പിച്ചു.
ആധുനിക ഒമാന്റെ ശിൽപിയായ അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ജന്മദിനമാണ് രാജ്യം ദേശീയദിനമായി ആഘോഷിക്കുന്നത്. ഒരുമാസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളോട് അനുബന്ധിച്ച് ഒമാനിലെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് നവംബർ 30, ഡിസംബർ 1 തീയതികൾ അവധിയായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.