നാഗര്‍കോവില്‍ നിദ്രവിളയിൽ കോളേജ് വിദ്യാര്‍ത്ഥിനി അഭിത (19)യുടെ മരണം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കള്‍. വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സുഹൃത്തായ യുവാവ് നല്‍കിയ ശീതളപാനീയം കുടിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനിക്ക് വയറുവേദനയുണ്ടായതെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ നിദ്രവിള പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
ഇരുവരും തമ്മിൽ ഏറെനാളായി പ്രണയത്തിലാണെന്നും അഭിതയ്ക്ക് യുവാവ് വിവാഹ വാഗ്ദാനം നല്‍കുകയും പിന്നീട് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. യുവാവിനെ കാണാൻ പോയി അടുത്ത ദിവസം മുതലാണ് അഭിതയ്ക്ക് വയറുവേദന തുടങ്ങിയത്. യുവാവ് ശീതളപാനീയം കുടിക്കാന്‍ നല്‍കിയതായി അഭിത വീട്ടിൽ അറിയിച്ചിരുന്നു. അഭിതയെ ഒഴിവാക്കാന്‍ യുവാവ് മനപൂര്‍വ്വം വിഷം കലര്‍ത്തിയ ശീതളപാനീയം നല്‍കിയെന്നാണ് കുടുംബം ആരോപിക്കുന്നത്.
വയറുവേദന കലശലായപ്പോൾ നവംബര്‍ ഒന്നിന് അഭിതയെ മാര്‍ത്താണ്ഡം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മോശമായതോടെ നാലാം തിയതി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം. നിദ്രവിള വാവറ സ്വദേശി ചിന്നപ്പര്‍ – തങ്കഭായി ദമ്പതികളുടെ മകളാണ് അഭിത.