ഇന്ത്യന്‍ ടെന്നീസ് സൂപ്പർതാരം സാനിയ മിര്‍സയും ഭര്‍ത്താവും മുൻ പാകിസ്താന് ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്കും വേർപിരിയുകയാണോ? കുറച്ചുദിവസമായി സോഷ്യല്‍ മീഡിയ ആരാധകർ ആകാംക്ഷയിലാണ്. സാനിയ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു സ്റ്റോറിയാണ് വിവാഹമോചന ചര്‍ച്ചകളുടെ ആധാരം.
‘തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, ദൈവത്തെ കണ്ടെത്താന്‍’-എന്നായിരുന്നു സാനിയ സ്റ്റോറിയില്‍ കുറിച്ചത്. ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ അകൽച്ചയിലാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങി. എന്നാല്‍ എന്താണ് ഇങ്ങനെയൊരു സ്റ്റോറിയുടെ പിന്നിലെ കാരണമെന്ന് സാനിയയുടെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണം വന്നിട്ടില്ല.
ഇതിന് മുൻപാണ് മകന് ഇസ്ഹാന് മിര്‍സ മാലിക്കിനൊപ്പമുള്ള ഒരു ചിത്രം സാനിയ പങ്കുവെച്ചത്. സാനിയയെ ഇസ്ഹാന് ചുംബിക്കുന്നതാണ് ചിത്രം. ‘ഏറ്റവും പ്രയാസകരമായ ദിനങ്ങളെ അതിജീവിക്കുന്ന നിമിഷങ്ങള്‍’ എന്നാണ് ചിത്രത്തിന് സാനിയ നൽകിയ അടിക്കുറിപ്പ്.
സാനിയയെ ഷുഐബ് വഞ്ചിച്ചുവെന്നും ഇരുവരും കുറച്ചു കാലങ്ങളായി ഒരുമിച്ചല്ല താമസമെന്നും മകന് വേണ്ടി മാത്രമാണ് കൂടിക്കാഴ്ച്ചകളൊന്നും ചില പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2010 ഏപ്രിലിലാണ് സാനിയയും ഷുഐബും വിവാഹം കഴിച്ചത്. 2018 ഒക്ടോബര്‍ 30ന് മകൻ പിറന്നു. കഴിഞ്ഞാഴ്ച്ച മകന് ഇസ്ഹാന് മിര്‍സ മാലിക്കിൻ്റെ നാലാം പിറന്നാളിന് ദുബായില്‍ നടന്ന ആഘോഷത്തില്‍ സാനിയയും ഷുഐബും ഒരുമിച്ചുണ്ടായിരുന്നു. ആഘോഷ ചിത്രങ്ങള്‍ ഷുഐബ് മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.