സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് യു യു ലളിത് വിരമിക്കുന്നതോടെ 100 ദിവസത്തിൽ താഴെ മാത്രം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ചവരുടെ എണ്ണം ആറാകും. അവസാന പ്രവർത്തിദിവസമായ ഇന്നലെ അദ്ദേഹം ഉൾപ്പെട്ട ബെഞ്ചിൻ്റെ നടപടികൾ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. (ലിങ്ക്: webcast.gov.in/scindia).
ഇന്ന് ഗുരു നാനാക് ജയന്തിയായതിനാൽ അവസാനദിവസമായ ഇന്നലെ ജസ്റ്റിസ് ലളിത് പുതിയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനൊപ്പം ബെഞ്ച് പങ്കിട്ടു. നാളെയാണ് ജസ്റ്റിസ് ചന്ദ്രചൂഡ് 50–ാമത് ചീഫ് ജസ്റ്റിസായി സ്ഥാനമേൽക്കും.
ചീഫ് ജസ്റ്റിസ് ആയതോടെ യു യു ലളിത്, കെട്ടിക്കിടക്കുന്ന കേസുകൾ അതിവേഗം തീർപ്പാക്കാൻ പല നടപടികളും സ്വീകരിച്ചിരുന്നു. കുട്ടികൾക്ക് രാവിലെ 7 മണിക്ക് സ്കൂളിൽ പോകാമെങ്കിൽ ജഡ്ജിമാർക്കും അഭിഭാഷകർക്കും ജോലിക്ക് 9മണിക്ക് എത്താൻ കഴിയില്ലേ എന്ന ജസ്റ്റിസ് ലളിതിൻ്റെ ചോദ്യം വലിയ ചർച്ചയായി.
സുപ്രീം കോടതി കേസുകൾ ലിസ്റ്റ് ചെയ്യുന്നതിനും അദ്ദേഹം പുതിയ രീതി കൊണ്ടുവന്നു. പുതിയ ഹർജികൾ 2 ഘട്ടമായി പരിശോധിച്ച്, അതതു ബെഞ്ചുകൾക്കു മുൻപാകെ ലിസ്റ്റ് ചെയ്യാൻ തുടങ്ങി. ഒരു ബെഞ്ച് ഏകദേശം 70 കേസ് വരെ ദിവസേന പരിഗണിക്കുന്ന രീതിയും കൊണ്ടുവന്നു.
ചുമതലയേറ്റ് ആദ്യ മാസംതന്നെ 5 ഭരണഘടനാ ബെഞ്ചുകൾ രൂപീകരിക്കുകയും ചെയ്തു. ഭരണഘടനാബെഞ്ചിലെ നടപടികളുടെ തത്സമയ സംപ്രേഷണം തുടങ്ങി. പൗരത്വ നിയമം, നോട്ടുനിരോധനത്തിൻ്റെ സാധുത, ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ എന്നിവ സംബന്ധിച്ച ഹർജികൾ പരിഗണിച്ചതോടൊപ്പം ഇന്നലെ പടിയിറങ്ങും മുൻപ് മുന്നാക്ക സംവരണത്തിൽ വിധിയും പറഞ്ഞു.
അഭിഭാഷകവൃത്തിയിലിരിക്കെ നേരിട്ടു സുപ്രീംകോടതി ജഡ്ജിയാവുകയും തുടർന്ന് ചീഫ് ജസ്റ്റിസ് പദവിയിലെത്തുകയും ചെയ്ത രണ്ടാമത്തെയാളാണ് യു യു ലളിത്.