ബഹിരാകാശ ഗവേഷണവും തന്ത്രപ്രധാന മേഖലയിൽ ആഗോള സഹകരണവും ലക്ഷ്യമിട്ട് അബുദാബിയിൽ നടക്കുന്ന സ്പേസ് ഡിബേറ്റിൽ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഡിസംബര്‍ 5, 6 തീയതികളിലാണ് പരിപാടി. മോദി ഓണ്‍ലൈനായാണ് പങ്കെടുക്കുക.
ഇസ്രയേൽ പ്രസിഡന്റ് യിസാക് ഹെർസോഗ് ഉൾപ്പടെ ബഹിരാകാശ രംഗത്തെ ആഗോള വിദഗ്ധരും സ്പെസ് ഡിബേറ്റിന്‍റെ ഭാഗമാകും. യുഎസ്, ബ്രിട്ടന്‍, കൊറിയ, ഫ്രാന്‍സ്, സൗദി , ജപ്പാന്‍, റുവാണ്ട, പോര്‍ച്ചുഗല്‍, തുടങ്ങിയ തുടങ്ങിയ രാജ്യങ്ങളിലെ 250 ബഹിരാകാശ ഏജന്‍സികളുടെ പ്രതിനിധികളും രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കും.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും പങ്കാളിത്തമുണ്ടാകും. യുഎഇ ബഹിരാകാശ ഏജൻസി ആതിഥേയത്വം വഹിക്കും.
അന്താരാഷ്‌ട്ര സഹകരണം, നിലവാരം, എന്നിവ മെച്ചപ്പെടുത്തുന്നതിൽ സമഗ്രമായ പുരോഗതി കൈവരിക്കുന്ന പ്രഭാഷണമാണ് അബുദാബി സ്പേസ് ഡിബേറ്റ് ലക്ഷ്യമിടുന്നതെന്ന് പൊതുവിദ്യാഭ്യാസ, അഡ്വാൻസ്‌ഡ് ടെക്‌നോളജി സഹമന്ത്രിയും യുഎഇ സ്‌പേസ് ഏജൻസി ചെയർമാനുമായ സാറാ ബിൻത് യൂസഫ് അൽ അമീരി പറഞ്ഞു. ആഗോള ബഹിരാകാശ മേഖലയുടെ നയരൂപീകരണം സുപ്രധാനമാണെന്നും സാറാ ബിൻത് സൂചിപ്പിച്ചു.