ദുബായ് ഗ്ലോബൽ വില്ലേജിന് ഒക്ടോബർ 16ന് തിരി തെളിയും. ഇതിനുമുന്നോടിയായി വിഐപി പായ്ക്കുകളുടെ വിൽപന ആരംഭിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിൽ അംഗീകൃത പ്ലാറ്റ്‌ഫോമിൽ നിന്ന് മാത്രമേ വിഐപി പായ്ക്കുകൾ വാങ്ങാൻ പാടുള്ളുവെന്ന മുന്നറിയിപ്പ് നൽകുകയാണ് ദുബായ് ഡെസ്റ്റിനേഷൻ ഗ്ലോബൽ വില്ലേജ് അധികൃതർ.
നിരവധി പേർ അനധികൃതമായി വിഐപി പായ്ക്കുകൾ വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് അധികൃതർ നിർദേശവുമായി എത്തിയിരിക്കുന്നത്. അംഗീകൃത പ്ലാറ്റ്‌ഫോമായ വിർജിൻ മെഗാസ്റ്റോർ ടിക്കറ്റ് വെബ്‌സൈറ്റിൽ നിന്ന് മാത്രമേ വിഐപി പായ്ക്കുകൾ വാങ്ങാൻ പാടുള്ളുവെന്നാണ് നിർദേശം. മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്ന് വാങ്ങുന്ന ടിക്കറ്റുകൾക്ക് ഗ്ലോബൽ വില്ലേജിലേക്കുള്ള പ്രവേശനത്തിന് സാധുതയുണ്ടാകില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഗ്ലോബൽ വില്ലേജ് പുതിയ ലിമിറ്റഡ് എഡിഷൻ വിഐപി പായ്ക്കുകളുടെ പ്രീ-ബുക്കിംഗ് സെപ്റ്റംബർ 24 മുതലാണ് ആരംഭിച്ചത്. സെപ്റ്റംബർ 28ന് 9 മണി വരെയോ സ്റ്റോക്കുകൾ അവസാനിക്കുന്നത് വരെയോ സന്ദർശകർക്ക് പാക്കുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും.