വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനായി കേരള സർക്കാർ ചെലവാക്കിയ തുകയുടെ കണക്കുകൾ പുറത്ത്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാർ ദുരന്ത പ്രദേശത്ത് ചെലവിട്ട തുകയുടെ കണക്കുകൾ വ്യക്തമാക്കിയിട്ടുള്ളത്. കോടികളുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനുപിന്നാലെ കണക്കുകളേക്കുറിച്ച് വിമർശനങ്ങളും ഉയരുന്നുണ്ട്.
ഒരു മൃതദേഹം സംസ്കാരിക്കാൻ 75,000 രൂപ ചെലവാക്കിയതായും ദുരന്ത ബാധിത പ്രദേശത്തേക്ക് വളണ്ടിയർമാരെയും മറ്റും എത്തിക്കാൻ നാലു കോടി രൂപയും സൈനികരുടെയും വളണ്ടിയർമാരുടെ ഭക്ഷണത്തിനായി 10 കോടി രൂപയും ഇവരുടെ താമസത്തിന് വേണ്ടി മാത്രം 15 കോടി രൂപയും ചെലവാക്കിയതായാണ് കണക്ക്. രക്ഷാപ്രവർത്തകർക്ക് ടോർച്ച്, റെയിൻകോട്ട്, കുട, ബൂട്ട് തുടങ്ങിയവ നൽകുന്നതിനായി 2.98 കോടി രൂപ നൽകിയതായും കണക്കിൽ പറയുന്നുണ്ട്.
ക്യാമ്പുകളിലേക്ക് ഭക്ഷണചെലവിനായി എട്ട് കോടി രൂപയും ക്യാമ്പിലുള്ളവരുടെ വസ്ത്രത്തിനായി 11 കോടി രൂപയും ചെലവാക്കിയതെന്നാണ് സർക്കാർ പറയുന്നത്. അതോടൊപ്പം വളണ്ടിയർമാർക്കും സൈനികർക്കും ചികിത്സാ ചെലവായി രണ്ട് കോടി രൂപയിലേറെ, ചൂരൽമലയിൽ നിന്നും മുണ്ടക്കൈയിൽ നിന്നും ആളുകളെ ഒഴിപ്പിക്കാൻ 12 കോടി രൂപ, സൈന്യം നിർമ്മിച്ച ബെയ്ലി പാലത്തിൻ്റെ അനുബന്ധ പ്രവൃത്തികൾക്ക് ഒരു കോടി രൂപ, ക്യാമ്പുകളിലുള്ളവരുടെ ചികിത്സയ്ക്കായി എട്ട് കോടി, ചൂരൽമലയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ മൂന്ന് കോടി, 75,000 രൂപവെച്ച് 359 ആളുകളുടെ മൃതദേഹം സംസ്കരിക്കാൻ 2.76 കോടി രൂപ എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.
അതേസമയം, സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും ദുരിതബാധിതർക്ക് അവശ്യസാധനങ്ങളും മറ്റും യഥേഷ്ടം സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും എത്തിച്ചുനൽകിയിരുന്നുവെന്നും പല ക്യാമ്പുകളിലും ഭക്ഷണം പൂർണമായും സന്നദ്ധ സംഘടനകളാണ് പാചകം ചെയ്ത് വിതരണം ചെയ്തിരുന്നതെന്നും ഈ സാഹചര്യത്തിൽ ഇത്രയും കോടികൾ ചെലവാക്കിയെന്നത് അവിശ്വസനീയമാണെന്നും ആക്ഷേപമുയരുന്നുണ്ട്.