ഖത്തറിലെ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന് അനുമതി നൽകുന്ന നിയമത്തിന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ അംഗീകാരം. 2024ലെ 12-ാം നമ്പർ നിയമത്തിനാണ് അമീർ അംഗീകാരം നൽകിയത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസം തികയുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.
സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സ്വദേശി മാനവവിഭവ ശേഷി പരമാവധി മേഖലകളിൽ പ്രയോജനപ്പെടുത്തുക തുടങ്ങി ഖത്തർ ദേശീയ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ ഉൾക്കൊണ്ടാണ് സ്വകാര്യ മേഖലയിലും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന നിയമത്തിന് അംഗീകാരം നൽകിയത്. കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗം കരട് നിർദേശത്തിന് അംഗീകാരം നൽകിയിരുന്നു.
വ്യക്തികളുടെ ഉടമസ്ഥതയിൽ വാണിജ്യ രജിസ്ട്രേഷനുള്ള സ്ഥാപനങ്ങൾ, രാജ്യത്ത് പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, സർക്കാരും സ്വകാര്യ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന സ്ഥാപനങ്ങൾ, സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികൾ, ലാഭം ലക്ഷ്യമില്ലാതെ പ്രവർത്തിക്കുന്ന ചാരിറ്റി സ്ഥാപനങ്ങൾ, കായിക സ്ഥാപനങ്ങൾ, അസോസിയേഷനുകൾ തുടങ്ങിയവയാണ് പുതിയ സ്വദേശിവത്കരണ നിയമത്തിൻ്റെ പരിധിയിൽ വരുന്നത്.