ഷാർജയിലെ മുവൈല കൊമേഴ്സ്യൽ ഏരിയയ്ക്ക് ചുറ്റുമുള്ള എല്ലാ പൊതു പാർക്കിംഗുകളിലും പെയ്ഡ് പാർക്കിങ് ആരംഭിച്ചു. പൊതു അവധി ദിവസങ്ങൾ ഉൾപ്പെടെ ആഴ്ചയിലുടനീളം പാർക്കിങ്ങിന് നിരക്കുകൾ ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
മുവൈലെയിൽ താമസക്കാരുടെയും സന്ദർശകരുടെയും തിരക്ക് വർധിച്ചതിനാൽ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ആഴ്ചയിലുടനീളം പണമടച്ചുള്ള പാർക്കിംഗ് ആരംഭിച്ചത്. ഫീസും പ്രവർത്തന സമയവും ജനങ്ങളെ അറിയിക്കുന്നതിനായി ഷാർജ മുനിസിപ്പാലിറ്റിയുടെ പബ്ലിക് പാർക്കിംഗ് മാനേജ്മെൻ്റ് പ്രദേശത്തുടനീളം നീല ദിശാസൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
പാർക്കിങ് ഫീസ് അടയ്ക്കാത്തതിന് 150 ദിർഹവും അനുവദനീയമായ പരമാവധി പാർക്കിംഗ് സമയം കവിഞ്ഞാൽ 100 ദിർഹവുമാണ് പിഴയായി ചുമത്തുക. പാർക്കിംഗ് സ്ഥലങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കുന്നതിനും ഫീസ് അടയ്ക്കുന്നതിൽ കൃത്യത വരുത്തുന്നതിനുമായി സ്മാർട്ട് പാർക്കിംഗ് വാഹനങ്ങൾ മുനിസിപ്പാലിറ്റി വിന്യസിച്ചിട്ടുണ്ട്.