താരസംഘടനയായ ‘അമ്മ’യിലെ കൂട്ടരാജിയിൽ ശക്തമായി പ്രതികരിച്ച് നടൻ ഷമ്മി തിലകൻ. എല്ലാവരും രാജി വെച്ചത് വോട്ടു ചെയ്തവരോടുള്ള വഞ്ചനയാണെന്നും കൂട്ടരാജി ഒളിച്ചോട്ടമെന്ന് പറയാൻ കഴിയില്ലെന്നും ഉത്തരം മുട്ടലാണെന്നും അദ്ദേഹം തുറന്നടിച്ചു. മോഹൻലാലിൻ്റെ മൗനം കാരണം ബലിയാടായ ആളാണ് താനെന്ന് പറഞ്ഞ ഷമ്മി തിലകൻ സംഘടനയുടെ തലപ്പത്തേയ്ക്ക് പുതിയ തലമുറയിലുള്ളവരും സ്ത്രീകളും കടന്നുവരണമെന്നും കൂട്ടിച്ചേർത്തു.
“അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി പൂർണ്ണമായും രാജിവെച്ചത് എടുത്തുചാട്ടം ആയിപ്പോയി. എല്ലാവരും രാജിവെക്കേണ്ടതില്ലായിരുന്നു. ആരോപണ വിധേയർ മാത്രം രാജിവച്ചാൽ മതിയായിരുന്നു. ചെറിയവനോ വലിയവനോ, തെറ്റ് ആരു ചെയ്താലും അതു തിരിച്ചറിഞ്ഞ് തിരുത്താൻ മനസ് കാണിക്കണം. അതിനുവേണ്ടിയാണ് ഞാൻ ആ സംഘടനയിൽ ശബ്ദം ഉയർത്തിയിട്ടുള്ളത്. അങ്ങനെ ശബ്ദം ഉയർത്തുന്നവരെ അടിച്ചമർത്താനല്ല നോക്കേണ്ടത്.
ശ്രീനാരായണഗുരു പറഞ്ഞ പോലെ കണ്ണാടി നോക്കി നാം നമ്മളെ അറിയണം. ഞാൻ ജാതിയിൽ കൂടിയ ആളാണെന്ന ചിന്ത മനസിൽ വച്ചുകൊണ്ട് ഒരു സംഘടനയിൽ ഇരുന്നാൽ അങ്ങനെയൊക്കെ സംഭവിക്കും. അതാണ് അതിനകത്തെ കുഴപ്പം. സംഘടന സ്ഥാപിതമായ കാലം മുതൽ ജാതീയമായ വിവേചനം നടന്നു വന്നിട്ടുണ്ട്. അതല്ലെന്നു പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല. അതിന് തെളിവ് ഹാജരാക്കാൻ കയ്യിലുണ്ട്. ആ രേഖ കയ്യിലുണ്ട്.
കൂട്ടരാജി ഒളിച്ചോട്ടമാണെന്ന് പറയാൻ കഴിയില്ല. ഉത്തരംമുട്ടലാണെന്നാണ് എനിക്ക് തോന്നുന്നത്. ചോദ്യങ്ങൾക്ക് മറുപടി പറയാനില്ലാതെ വരുമ്പോൾ എന്തു ചെയ്യും? ചിലർ കൊഞ്ഞനം കുത്തും. ചിലർ മിണ്ടാതിരിക്കും. എല്ലാവരും രാജിവെച്ചത് വോട്ടു ചെയ്തവരോടുള്ള വഞ്ചനയാണ്. അടുത്ത തലമുറയ്ക്ക് ഈ ഇൻഡസ്ട്രി എച്ചിലാക്കി വച്ചട്ടല്ല പോകേണ്ടത്. നല്ല അവസ്ഥയിൽ കൈമാറണം. അതിനുള്ള സമയമാണ് ഇപ്പോൾ. സ്ത്രീകൾ നേതൃനിരയിലേക്ക് വരണം. അതിലൊരു തെറ്റുമില്ല.
സംഘടനയിൽ അനിശ്ചിതത്വം ഉണ്ടായി. ഒന്നും പ്രതികരിക്കാത്തതിന് പിന്നിൽ അമ്മ പ്രസിഡൻ്റിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടതാകാം. ഉത്തരം മുട്ടിയപ്പോൾ രാജിവച്ചൊഴിഞ്ഞതാകാം അദ്ദേഹം. മോഹൻലാലിൻ്റെ മൗനം കാരണം ബലിയാടായ ആളാണ് താൻ. ശരിപക്ഷവാദമെന്ന ആശയമാണ് ഞാൻ സംഘടനയക്ക് നേരെ ഉയർത്തിയത്. തെറ്റ് ആര് ചെയ്താലും ആ തെറ്റ് തിരിച്ചറിഞ്ഞ് തിരുത്താനുള്ള മനസ് കാണിക്കണം” എന്നാണ് ഷമ്മി തിലകൻ പറഞ്ഞത്.