ദുബായില്‍ വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കാന്‍ ഇനി ടാക്സി സൗകര്യവും. സ്കൂളുകളിലേയ്ക്ക് കുട്ടികളെ കൊണ്ടുപോകുന്നതിനായി മിക്ക രക്ഷിതാക്കളും സ്കൂൾ ബസുകളെയാണ് ആശ്രയിക്കുന്നത്. ഇപ്പോൾ വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാൻ ടാക്സി സേവനങ്ങൾ ആരംഭിച്ചിരിക്കുകയാണ് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി.
ആർടിഎയുടെ കരീം ആപ്പ് വഴിയാണ് വിദ്യാർത്ഥികൾക്കായി ടാക്സി ബുക്ക് ചെയ്യേണ്ടത്. സ്‌കൂൾ റൈഡ്‌സ് എന്ന ഓപ്ഷൻ നൽകി ആപ്പിലൂടെ യാത്ര മുൻകുട്ടി ബുക്ക് ചെയ്യാൻ സാധിക്കും. ഒന്നിലധികം കുട്ടികൾക്ക് ഒരേ ടാക്സിയിൽ യാത്ര ബുക്ക് ചെയ്യാൻ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. ഇതിലൂടെ ഓരോ കുട്ടിക്കും പ്രത്യേകമായി ടാക്സി ചാർജ്ജ് കൊടുക്കുന്നതിലെ അധിക ചെലവും ഒഴിവാക്കാൻ സാധിക്കും.
സ്‌കൂൾ യാത്രകൾക്ക് സാധാരണ ടാക്സി ചാർജ്ജിനേക്കാൾ 34.5 ശതമാനം വരെ ഇളവ് കരീം ആപ്പ് നൽകുന്നുണ്ട്. ആപ്പിലൂടെ രക്ഷിതാക്കൾക്ക് കുട്ടിയുടെ യാത്ര വീട്ടിലിരുന്ന് നിരീക്ഷിക്കാൻ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. എട്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് മുതിർന്നവർക്കൊപ്പം മാത്രമാണ് സ്‌കൂൾ ടാക്സിയിൽ യാത്ര ചെയ്യാൻ സാധിക്കുക. അതേസമയം, 8 മുതൽ 11 വയസുവരെയുളളവർക്ക് രക്ഷിതാക്കളിൽ നിന്നുള്ള സമ്മതപത്രം ഉപയോഗിച്ചും 12 വയസോ അതിന് മുകളിലോ ഉള്ളവർക്ക് ഇവകൂടാതെയും സ്‌കൂൾ ടാക്സിയിൽ യാത്ര ചെയ്യാം.
ടാക്സി സർവ്വീസ് സേവനം ആരംഭിക്കുന്നതിന് മുമ്പ് 200 ദിർഹം മുൻകൂറായി അടയ്ക്കണം. ഇത് തിരിച്ചുകിട്ടുന്ന തുകയാണ്. 25 ദിർഹത്തിലാണ് താരിഫ് ആരംഭിക്കുന്നത്. ഓരോ കിലോ മീറ്ററിനും 3.67 ദിർഹമാണ് നിരക്ക്.