പാരീസ് ഒളിമ്പിക്സിൽ അഞ്ചാം മെഡൽ സ്വന്തമാക്കി ഇന്ത്യ. പുരുഷ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയാണ് വെള്ളി മെഡൽ എറിഞ്ഞുവീഴ്ത്തിയത്. 89.45 എന്ന തൻ്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയാണ് പാരീസിൽ നീരജ് മെഡൽ ഉറപ്പിച്ചത്.
നീരജ് ചോപ്രയുടെ സീസണിലെ മികച്ച പ്രകടനമാണിത്. 92.97 മീറ്റർ എറിഞ്ഞ പാക്കിസ്ഥാൻ താരം അർഷദ് നദീമിനാണ് ജാവലിൻ ത്രോയിൽ സ്വർണം നേടിയത്. ഒളിംപിക് റെക്കോർഡ് ദൂരം പിന്നിട്ടാണ് അർഷദ് രണ്ടാം അവസരത്തിൽ സ്വർണത്തിലെത്തിയത്. 88.54 മീറ്റർ ദൂരം എറിഞ്ഞ ഗ്രനാഡ താരം ആൻഡേഴ്‌സൻ പീറ്റേഴ്‌സിനാണ് വെങ്കല മെഡൽ.
ഫൈനലിൽ ഒരു ത്രോ മാത്രമാണ് നീരജിന് എറിയാനായത്. ബാക്കിയുള്ള അഞ്ചും ഫൗളായിരുന്നു. ഒളിമ്പിക്സിൽ രണ്ട് വ്യക്‌തിഗത മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായും നീരജ് മാറി. പി.വി.സിന്ധു (ബാഡ്‌മിൻ്റൻ), സുശീൽ കുമാർ (റെസ്‌ലിങ്), മനു ഭാക്കർ (ഷൂട്ടിങ്) എന്നിവരാണ് മുൻപ് ഈ നേട്ടം കൈവരിച്ചവർ.