യുഎഇയില്‍ സ്വദേശിവത്കരണം നടപ്പാക്കാത്ത കമ്പനികൾക്ക് പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. 2023 മുതല്‍ പിഴ ഈടാക്കിത്തുടങ്ങുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. നേരത്തെ യുഎഇ പുറത്തിറക്കിയ മാനദണ്ഡങ്ങൾ അനുസരിച്ച് സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ് നിര്‍ദ്ദേശം.
അമ്പത് ജീവനക്കാരുളള കമ്പനികളില്‍ രണ്ട് ശതമാനം വീതം വര്‍ഷം തോറും സ്വദേശിവത്കരണം നടപ്പാക്കാനായിരുന്നു തീരുമാനം. 2026 ആകുമ്പോഴേക്ക് കമ്പനികളില്‍ പത്ത് ശതമാനം സ്വദേശികൾക്ക് തൊഴില്‍ ഉറപ്പാക്കുന്നതായിരുന്നു പദ്ധതി. പദ്ദതി കാര്യക്ഷമമായി നടപ്പാക്കുന്ന സ്വകാര്യ കമ്പനികൾക്ക് പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു.
ആദ്യഘട്ടമെന്ന നിലയില്‍ 2022ല്‍ തന്നെ രണ്ട് ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണം. ഇതില്‍ വീഴ്ച വരുത്തിയ കമ്പനികളില്‍ നിന്നാണ് പിഴ ഈടാക്കുക. നിയമലംഘനം നടന്ന കമ്പനിയിൽനിന്ന് ഒരു സ്വദേശിക്ക് മാസത്തിൽ 6000 ദിർഹം എന്ന നിലയില്‍ വർഷം 72,000 ദിർഹം പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം നിശ്ചിത പരിധിയെക്കാൾ മൂന്ന് മടങ്ങ് സ്വദേശികളെ നിയമിക്കുന്ന കമ്പനിയിലെ തൊഴിലാളി വർക്ക് പെർമിറ്റ് ഫീസ് 3750ൽ നിന്ന് 250 ദിർഹമാക്കി കുറച്ചെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. സ്വദേശിവൽക്കരണ തോത് രണ്ടിരട്ടി വർധിപ്പിച്ച കമ്പനിക്ക് 1200 ദിർഹവും പരിധി നടപ്പാക്കിയ കമ്പനിക്ക് 3450 ദിർഹവുമാണ് വർക്ക് പെർമിറ്റ് ഫീസെന്നും മന്ത്രാലയം വ്യക്തമാക്കി.