കർണാടകയിലെ അങ്കൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും ലോറിയും കരയിലെ മൺകൂനയ്ക്ക് അടിയിലില്ലെന്ന് സ്ഥിരീകരിച്ച് ദൌത്യസംഘം. റോഡിൽ ലോറിയുണ്ടെന്ന സംശയത്തിൽ നടത്തിയ പരിശോധന പൂർണതയിലെത്തിയിട്ടും ലോറിയെ സംബന്ധിച്ച യാതൊരു സൂചനയും ലഭിച്ചില്ല.
സൈന്യത്തിൻ്റെ മേൽ നോട്ടത്തിലാണ് നിലവിലെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഇന്ന് രാവിലെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയിൽ കട്ടിയുള്ള ലോഹം മണ്ണിനടിയിലുണ്ടന്ന തരത്തിൽ സൂചനകൾ ലഭ്യമായിരുന്നു. എന്നാൽ സിഗ്നൽ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ലോറി കണ്ടെത്താനായില്ല.
അതേസമയം ഇടിഞ്ഞു വീണ മണ്ണിനൊപ്പം ലോറി ഗംഗംഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയവും നിലവിലുണ്ട്. എന്നാൽ നദിയിൽ വലിയ അളവിൽ മൺകൂനയുളളത് തിരിച്ചടിയാണ്. വളരെ ആഴത്തിലും ദൂരത്തിലും സിഗ്നല്‍ ലഭ്യമാക്കുന്ന റഡാറുകളും മറ്റ് ഉപകരണങ്ങളും എത്തിച്ച് പരിശോധന തുടരാനാണ് തീരുമാനം.