വാഹനത്തിന് ഫാൻസി നമ്പർ വേണമെന്നാണോ നിങ്ങളുടെ ആഗ്രഹം. എങ്കിൽ അതിനായി സുവർണ്ണാവസരമൊരുക്കുകയാണ് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ആർടിഎയുടെ ഓൺലൈൻ ലേലത്തിൽ പങ്കെടുത്ത് നിങ്ങളുടെ കാറുകൾക്കും മോട്ടോർ ബൈക്കുകൾക്കും ഫാൻസി നമ്പർ പ്ലേറ്റുകൾ പതിപ്പിക്കാൻ സാധിക്കും.
350 ഫാൻസി നമ്പരുകളാണ് ആർടിഎ ഇത്തവണ ലേലത്തിന് വെച്ചിരിക്കുന്നത്. 3,4,5 അക്കങ്ങളിലാണ് ഫാൻസി നമ്പരുകൾ. A, B, H, I, J, K, L, M, N, O, P, Q, R, S, T, U, V, W, X Z എന്നിവയാണ് കോഡുകൾ. നമ്പർ പ്ലേറ്റുകളുടെ രജിസ്ട്രേഷൻ 22നാണ് ആരംഭിക്കുക. തുടർന്ന് 29-ന് രാവിലെ 8 മുതൽ ലേലം നടക്കും. 5 ദിവസങ്ങളിലായാണ് ലേലം സംഘടിപ്പിക്കുന്നത്.
ലേലത്തിൽ പങ്കെടുക്കുന്നതിനായി ഓരോ ലേലക്കാരനും ദുബായിൽ ഒരു ട്രാഫിക് ഫയൽ തുറക്കേണ്ടതുണ്ട്. കൂടാതെ ആർടിഎയ്ക്ക് 5,000 ദിർഹത്തിന്റെ സെക്യൂരിറ്റി ചെക്കും 120 ദിർഹം ഫീസും കൈമാറണം. അതോടൊപ്പം നമ്പർ പ്ലേറ്റുകൾക്ക് വിളിക്കുന്ന തുകയ്ക്ക് 5 ശതമാനം നികുതിയും ബാധകമാണ്. ഉമ്മുൽ റമൂൽ, അൽ ബർഷ, ദെയ്‌റ എന്നിവിടങ്ങളിലെ കസ്റ്റമർസ് ഹാപ്പിനസ് സെൻ്ററുകളിലോ ക്രെഡിറ്റ് കാർഡ് വഴിയോ (www.rta.ae) അല്ലെങ്കിൽ ദുബായ് ഡ്രൈവ് ആപ്പ് വഴിയോ പണമടയ്ക്കാൻ സാധിക്കും.