സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെ മന്ത്രിമാരെ ഭീഷണിപ്പെടുത്തുന്ന ഗവർണറുടെ ട്വീറ്റ് വന്നിരിക്കുകയാണ്. ഗവർണറെ ആക്ഷേപിക്കുകയോ പദവിയുടെ അന്തസിന് കളങ്കം വരുത്തിയാലോ മന്ത്രിസ്ഥാനം പിൻവലിക്കുമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുന്നറിയിപ്പ് നൽകുന്നത്.
തീർത്തും അസാധാരണമായ ഒരു പ്രസ്താവനയാണ് രാജ് ഭവനിൽ നിന്നുമുണ്ടായതെന്നാണ് പരക്കെയുള്ള വിമർശനം. കേരള സർവകലാശാല വിഷയത്തിൽ ഗവർണർ സ്വീകരിച്ച നടപടിക്കെതിരെ കഴിഞ്ഞ ദിവസം മന്ത്രി ആർ ബിന്ദു അടക്കം വിമർശനം ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിമാർക്ക് മുന്നറിയിപ്പുമായി ഗവർണറുടെ ട്വീറ്റ് എത്തിയത്.
മുൻപും മന്ത്രിമാർ ഗവർണറെ വിമർശിച്ചിട്ടുണ്ട്. ഗവർണർ പദവിക്ക് യോചിച്ച ആളല്ലെന്നും പദവി ദുരുപയോഗം ചെയ്യുകയാണെന്നും ഉൾപ്പടെ മന്ത്രിമാർ പ്രതികരിച്ചിട്ടുണ്ട്. ഇത്തരം വിമർശനങ്ങൾ തടയുകയെന്ന ലക്ഷ്യമാണ് ഗവർണറുടെ പുതിയ നീക്കത്തിന് പിന്നിൽ. ഗവർണറുടെ പ്രസ്താവനയോട് സർക്കാർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.