‘മെഹറുബാ മെഹറുബാ പുതുക്ക പെണ്ണേ മെഹറുബാ’ ദുബായ് വുഡ്ലം പാർക്ക് സ്കൂളിലെ കെജി-2 വിദ്യാർത്ഥിനിയായ ഇസ ആരിഫ് പാട്ടിനൊപ്പം നൃത്തം വെയ്ക്കുകയാണ്. വെറുതേയല്ലെ ഈ ഡാൻസും പാട്ടും. ഒറ്റക്ക് ഒപ്പന കളിച്ച് വൈറലായതിൻ്റെ സന്തോഷത്തിലാണ് ഇസ.
ചെറിയപെരുന്നാൾ കാലത്ത് കുടുംബത്തോടൊപ്പം ദുബായിലെ കെട്ടൂര റിസർവ് പാർക്ക് കാണാൻ പോയപ്പോഴാണ് ഇസയുടെ വൈറൽ ഡാൻസ് പിറന്നത്. പാർക്കിലെ കണ്ണാടികൾക്ക് മുന്നിൽ ഇസ ഒപ്പനത്താളത്തിൽ ചുവടുവച്ചു. ഈ ഡാൻസ് ദുബായിൽ ദന്തിസ്റ്റായി ജോലി ചെയ്യുന്ന ഉമ്മ ജാസ്മിൻ മൊബൈലിൽ പകർത്തി യൂടൂബിലിടുകയായിരുന്നു.
ഒറ്റക്ക് ഗ്രൂപ്പ് ഡാൻസ് കളിക്കുന്ന കുട്ടി എന്ന് വീഡിയോയ്ക്ക് ക്യാപ്ഷനും നൽകി. ഇതോടെ സോഷ്യൽ മീഡിയ ഇസയുടെ വീഡിയോ ഏറ്റെടുത്തു. ദിവസങ്ങൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് ഇസയുടെ ഡാൻസ് കണ്ടത്. ഇസയുടെ ഇസ്സൂസ് വേൾഡ് എന്ന യൂട്യൂബ് ചാനലിലൂടെ മാത്രം 15 ലക്ഷം ആളുകൾ വീഡിയോ കണ്ടു. നിരവധി ആളുകൾ ഈ വീഡിയോ ഡൌൺലോഡ് ചെയ്യുകയും റീപോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
View this post on Instagram
താരമായതോടെ ഇസയ്ക്ക് ആരാധകരും ഏറി. സ്കൂളിലെ കൂട്ടുകാരും അധ്യാപകരുമൊക്കെ ആശംസകൾ അറിയിച്ച് രംഗത്തെത്തി. നിരവധി മാധ്യമവാർത്തകളിലും ഇസയുടെ പ്രകടനം ഇടംപിടിച്ചു. മലയാളത്തിന് പുറമേ ശ്രീലങ്കൻ മാധ്യമത്തിലും ഇസയുടെ പ്രകടനം ചർച്ചയായി. ഇതിനിടെ ചില പരസ്യങ്ങളിൽ അഭിനയിക്കാനും അവസരം കിട്ടി.
മകളുടെ പ്രകടനങ്ങൾ ആൽബമായി സൂക്ഷിക്കുന്നതിനാണ് യൂട്യൂബ് ചാനൽ തുടങ്ങിയതെന്നും പ്രത്യേക പ്രാക്ടീസ് ഒന്നും ഇല്ലമെങ്കിലും ഇസ ഏത് പാട്ടിനും ചുവടുവയ്ക്കുമെന്നും ഡോക്ടർ ജാസ്മിൻ പറയുന്നു. പിതാവ് ആരിഫും ഇസയ്ക്ക് ആവശ്യമായ പിന്തുണ നൽകുന്നുണ്ട്. ഏതുസമയവും ഇസ ആക്ടീവായാണ് പെരുമാറുന്നതെന്ന് പിതാവും പറയുന്നു.
ഡാൻസിനും പാട്ടിനും പുറമേ ചിത്രരചനയിലും മിടുക്കിയാണ് ഇസ. ഇതൊക്കെ എങ്ങനെ പഠിക്കുന്നു എന്നുചോദിച്ചാൽ യൂട്യൂബ് കണ്ട് സ്വയം പഠിച്ചെടുക്കുന്നതാണെന്നാണ് ഉത്തരം. ഭാവിയിൽ ആരാകണമെന്ന് ചോദിച്ചാൽ ഇസയ്ക്ക് ആർട്ടിസ്റ്റ് ആകണമെന്ന ഒറ്റ ഉത്തരമേയുള്ളൂ.
മലപ്പുറം പൊന്നാനി സ്വദേശികളാണ് ഇസയും കുടുംബവും. ഒരു വയസ്സുമുതൽ ഇസയും പ്രവാസിയാണ്. മലയാള സിനിമയുടെ ആരാധിക കൂടിയാണ് ഇസ. മമ്മൂട്ടിയാണ് പ്രിയപ്പെട്ട താരം. പഴയ സിനിമയിലെ പാട്ടുകൾ മുതൽ പുതിയ സിനിമയിലെ ഇലുമിനാണ്ടി പാട്ട് വരെ ഇസ ആവുംവിധം കാണാപാഠം ആക്കിയിട്ടുണ്ട്.
ഒരു വർഷത്തോളമായി ഇസയുടെ പാട്ടും ഡാന്‍സുമൊക്കെ ഇസൂസ് വേൾഡ് എന്ന യുട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്യുന്നുണ്ട്. എല്ലാവരും കാണണമെന്നും പിന്തുണയ്ക്കണമെന്നും ഇസ പറയുന്നു. ഇതിനിടെ ഒരു പാട്ടുപാടാമോയെന്ന് ചോദിച്ചാൽ ഒട്ടും മടിയില്ലാതെ ഇസ പാടിത്തുടങ്ങും.. ആടിവാ കാറ്റേ.. പാടിവാ കാറ്റേ.. ആയിരം പൂക്കൾ നുളളി വാ…