കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രവാസ ലോകവും. ഗൾഫ് നാടുകളിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ അനുശോചന യോഗങ്ങൾ ചേരുകയും കോടിയേരി ബാലകൃഷ്ണനെ അനുസ്മരിക്കുകയും ചെയ്തു. പ്രവാസി വിഷയങ്ങളിൽ രാഷ്ട്രീയം നോക്കാതെ ഇടപെട്ട നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് പ്രവാസി സംഘടനകൾ വ്യക്തമാക്കി.
രാഷ്ട്രീയത്തിനപ്പുറത്ത് ജനങ്ങളുടെ വിഷയങ്ങളെ ഏറ്റെടുത്ത കോടിയേരിയുടെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്ന് യുഎഇയിലെ കേളി കലാസാംസ്കാരിക വേദി അനുശോചിച്ചു. ഓർമ ദുബായ് ,കൈരളി കൾച്ചറല്‍ ഫോറം, യുഎഇ കെഎംസിസി യു.എ.ഇ ഐ.എം.സി.സി, ഓവർസീസ് എൻ.സി.പി, കേരള സോഷ്യല്‍ സെന്‍റര്‍, മലബാർ പ്രവാസി സംഘടന എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
മതനിരപേക്ഷ കേരളത്തിനായി വിട്ടുവീഴ്ചയില്ലാതെ പോരാടിയ നേതാവായിരുന്നു കോടിയേരിയെന്ന് ശക്തി തിയറ്റേഴ്‌സ് അബുദാബി വ്യക്തമാക്കി. കോടിയേരിയുടെ നിര്യാണത്തിൽ ഖസീം പ്രവാസി സംഘവും അനുശോചനം രേഖപ്പെടുത്തി. സൗദി അറേബ്യയിലെ വിവിധ സംഘടനകളായ കേളി കലാസാംസ്കാരിക വേദി, നവയുഗം സാംസ്ക്കാരികവേദി, തനിമ സാംസ്കാരിക വേദി, നവോദയ സാംസ്കാരികവേദി തുടങ്ങിയ സംഘടനകളും അനുശോചനം രേഖപ്പെടുത്തി.
വിവിധ ഗൾഫ് രാജ്യങ്ങളിൽ ഇടതുപക്ഷ സംഘടനകൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകാൻ കോടിയേരി എപ്പോഴും മുന്നിലുണ്ടായിരുന്നെന്ന് ഒമാനിലെ ഇടതുപക്ഷ സംഘടനാ ഭാരവാഹിയും പ്രവാസി കേരള ക്ഷേമനിധി ബോർഡ് അംഗവും കേരള ലോക്സഭ അംഗവുമായി പിഎം ജാബിര്‍ പറഞ്ഞു.
കേരള ആർട്ട് ലവേഴ്സ് അസോസിയേഷനും കല കുവൈത്തും അനുശോചനം രേഖപ്പെടുത്തി. സമാനതകളില്ലാത്ത സംഭാവനകള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും നാടിനും നൽകിയ വ്യക്തിത്വമായിരുന്നു കോടിയേരിയെന്ന് കല കുവൈത്ത് പ്രസഡന്‍റ് പി ബി സുരേഷ് , ജനറല്‍ സെക്രട്ടറി ജെ സജി എന്നിവര്‍ പറഞ്ഞു. സൗമ്യനായ നേതാവിനെയാണ് നഷ്ടമായതെന്ന് കുവൈത്ത് ഐ.എം.സി.സി കുവൈത്ത് പ്രസിഡന്റ് ഹമീദ് മധുർ അനുശോചന കുറിപ്പില്‍ അറിയിച്ചു.
കോടിയേരി ബാലകൃഷ്ണന്റെ അകാല വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും കേരള രാഷ്ട്രീയത്തിനും അപരിഹാര്യമായ നഷ്ടമാണെന്ന് ബഹ്‌റൈന്‍ പ്രതിഭയും അനുശോന സന്ദേശത്തില്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവാസി സംഘടനകൾ കോടിയേരി അനുസ്മരണം സംഘടിപ്പിക്കും.