സത്യസന്ധതയ്ക്ക് വീണ്ടും അംഗീകാരവുമായി ദുബായ് പൊലീസ്. കളഞ്ഞുകിട്ടിയ വാച്ച് കൈമാറിയ ഭിന്നശേഷിക്കാരനായ ഇന്ത്യൻ ബാലൻ മുഹമ്മദ് അയാൻ യൂനിസിനെയാണ് ദുബായ് പൊലീസ് ആദരിച്ചത്. വിനോദസഞ്ചാരിയുടെ നഷ്ടപ്പെട്ട വാച്ച് കളഞ്ഞുകിട്ടിയതോടെ മുഹമ്മദ് അയാൻ യൂനിസ് പൊലീസിനെ ഏൽപ്പികയായിരുന്നു.
വിനോദസഞ്ചാര കേന്ദ്രത്തിൽ പിതാവിനൊപ്പം എത്തിയ മുഹമ്മദ് അയാൻ യൂനിസിന് അവിടെ നിന്നും വാച്ച് ലഭിക്കുകയായിരുന്നു. ഉടൻ തന്നെ വിവരം പൊലീസിൽ അറിയിക്കുകയും യഥാർത്ഥ ഉടമസ്ഥനെ കണ്ടെത്തി വാച്ച് നൽകണമെന്നും ആവശ്യപ്പെട്ട് സ്റ്റേഷനിൽ എത്തി വാച്ച് കൈമാറുകയുമായിരുന്നു. വാച്ച് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസിന് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതോടെ ഉടമയെ വിളിച്ച് അധികൃതർ വാച്ച് നൽകുകയും ചെയ്തു.
ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ഹാരിബ് അൽ ഷംസിയുടെ നിർദേശപ്രകാരമാണ് ചടങ്ങ് സംഘടിപ്പിച്ചത്. ദുബായ് പൊലീസ് സർട്ടിഫിക്കറ്റും മറ്റ് സമ്മാനങ്ങളും നൽകിയാണ് മുഹമ്മദ് അയാൻ യൂനിസിനെ ആദരിച്ചത്. കുട്ടിയുടെ സത്യസന്ധത എല്ലാവരും മാതൃകയാക്കണമെന്നും അധികൃതർ വ്യക്തമാക്കി.