രാഷ്ട്രീയ മാറ്റങ്ങൾക്ക് അടിവരയിട്ട് കുവൈത്ത് തെരഞ്ഞെടുപ്പ് ഫലം. രണ്ടുവനിതളും 14 പുതുമുഖങ്ങളും ഉൾപ്പെടെയുളളവരാണ് അമ്പതംഗ പാര്‍ലമെന്റിലേക്ക് വിജയിച്ചെത്തിയത്. ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങൾ നേടിയ വൻ വിജയം അടുത്ത ദേശീയ അസംബ്ലിയിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍.
പ്രമുഖര്‍ക്ക് അടിതെറ്റി
സർക്കാർ അനുകൂലികളിൽ പ്രധാനപ്പെട്ട പലർക്കും അടിതെറ്റി. ഷിയാ വിഭാഗത്തിന് കൂടുതൽ സീറ്റുകൾ ലഭ്യമായി. ഇസ്ലാമിക് കോൺസ്റ്റിറ്റ്യൂഷണൽ മൂവ്മെന്റും തെരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിച്ചു. 22 വനിതകൾ ഉൾപ്പെടെ 305 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടിയത്.
രാജ്യത്തെ 21 വയസ്സിന് മുകളില്‍ പ്രായമുളള പൗരന്മാര്ക്കും സ്വന്തമായി ചുരുക്കം പ്രവാസികൾക്കുമായിരുന്നു വോട്ടവകാശം. അറുപത് ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കൂടുതല്‍ പൗരന്മാര് ഇക്കുറി വോട്ട് രേഖപ്പെടുത്താനെത്തി.
പ്രതിപക്ഷ നേതാവായ അഹ്മദ് അൽ സാദൂൻ റെക്കോർഡ് വോട്ടുകൾ നേടി ഒന്നാമതെത്തിയത് ശ്രദ്ധേയമായി. രണ്ടാം മണ്ഡലത്തില്‍ നിന്ന് വിജയിച്ച ആലിയ അൽ ഖാലിദ്, മൂന്നാം മണ്ഡലത്തിൽനിന്ന് ജെനാൻ ബു ഷെഹ്രി എന്നിവരുടെ പ്രകടനവും കുവൈറ്റ് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇടം പിടിച്ചു.
പുതുപ്രതീക്ഷയോടെ ജനങ്ങൾ
പുതിയ പാര്‍ലമെന്റിന്റെ നടപടികളും നിലപാടുകളും കുവൈറ്റ് ജനതയും ലോക രാഷ്ട്രങ്ങളും ഉറ്റുനോക്കുകയാണ്. കാബിനറ്റും സര്‍ക്കാരും തമ്മിലുളള തര്‍ക്കങ്ങളില്‍ സാമ്പത്തിക പരിഷ്കാരം ഉൾപ്പെടെ തട്ടിത്തെറിച്ച ചരിത്രമാണ് കുവൈറ്റിനുളളത്. പുതിയ നിയമ നിര്‍മ്മാണങ്ങളും ശ്രദ്ധേയമാകും. സമ്പൂർണമായി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റുള്ള ഏക ഗൾഫ് അറബ് രാഷ്ട്രമാണ് കുവൈത്ത്. എന്നാല്‍ കഴിഞ്ഞ 10 വർഷത്തിനിടെ ആറ് തെരഞ്ഞെടുപ്പാണ് കുവൈത്തിലുണ്ടായത്.
കുവൈറ്റിലെ രാഷ്ട്രീയ അസ്ഥിര അവസാനിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതിന്റെ തെളിവുകൂടിയായി തെരഞ്ഞെടുപ്പ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സുഗമമാക്കാൻ സഹായിച്ച എല്ലാവർക്കും കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദും കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദും നന്ദി രേഖപ്പെടുത്തി.