ലോകത്തിലെ ഏറ്റവും വലിയ മാൾ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്നിങ്ങനെ അതിശയങ്ങളുടെ നഗരമാണ് ദുബായ്. എന്നാൽ ഏറെ വെത്യസ്തവും ടൂറിസ്റ്റുകളെ ആകർഷിക്കുകയും ചെയ്യുന്ന ദുബായിലെ മറ്റൊരത്ഭുതമാണ് ഡീപ് ഡൈവ് ദുബായ്. കിണറിന് സമാനമായി താഴേക്ക് പണികഴിപ്പിച്ച ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തൽക്കുളമാണിത്.
ദുബായ് ക്രീക്കിന് തെക്ക് നാദ് അൽ ഷെബയുടെ സമീപമാണ് ഈ അപൂർവ്വ നിർമ്മിതി. 2021 ജൂൺ 27-ന്,ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയതോടെയാണ് ഡീപ് ഡൈവ് ദുബായ് ലോകശ്രദ്ധയിലേക്ക് ആകർഷിക്കപ്പെടുന്നത്. 1500 ചതുരശ്ര മീറ്ററിൽ മുത്തുച്ചിപ്പി ആകൃതിയിലാണ് ഡീപ് ഡൈവ് ഇൻഡോർ പൂളിൻ്റെ നിർമ്മിതി. വെളളത്തിനിടിയിൽ ഉപേക്ഷിക്കപ്പെട്ട കൊട്ടാരമെന്നോ വെള്ളത്തിനടയിൽ മുങ്ങിക്കിടക്കുന്ന നഗരമെന്നോ ഒക്കെ തോന്നിപ്പോകുന്നതാണ് പ്രത്യേകത.
ഇൻഡോർ സ്കൂബ ഡൈവിംഗാണ് ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നത്. സ്‌നോർക്കെലിംഗ്, ഫ്രീഡൈവിംഗ് എന്നിവയുമുണ്ട്. വെളളത്തിനടിയിൽ അണ്ടർവാട്ടർ ഫിലിം സ്റ്റുഡിയോ, ടേബിൾ ഫുട്ബോൾ, വാട്ടർ ചെസ് തുടങ്ങി അതിശയിപ്പിക്കുന്ന നിരവധി സംഗതികൾ വേറെയുമുണ്ട്.. പത്ത് വയസിന് മുകളിലുള്ള കുട്ടികൾക്കായി പ്രത്യേക പ്രോഗ്രാമുകളും ഫെസിലിറ്റി ടൂർ പോലെയുള്ള ഓൺ-ലാൻഡ് പ്രവർത്തനങ്ങളും ഒരുക്കിയിട്ടുണ്ട്.
60 മീറ്ററർ അഥവാ 197 അടിയാണ് ഈ കുളത്തിൻ്റെ ആഴം. ഏകദേശം 14 ദശലക്ഷം ലിറ്റർ വെള്ളമുണ്ട്. അതായത് ആറ് ഒളിമ്പിക് നീന്തൽക്കുളങ്ങളിൽ ഉൾക്കൊളളാവുന്നത്ര വെള്ളം.
നാസ സാങ്കേതികവിദ്യ, യുവി വികിരണം, എന്നിവ ഉപയോഗിച്ച് ഓരോ ആറു മണിക്കൂറിലും പ്രവർത്തിക്കുന്ന ഫിൽട്ടറേഷൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഹൈപ്പർബാറിക് ചേംബർ, അത്യാധുനിക ലൈറ്റിംഗ് എന്നിങ്ങനെ നൂതന സംവിധാനങ്ങളും ആകർഷകമാണ്.
കുളത്തിൻ്റെ ആഴങ്ങളിലേക്ക് സഞ്ചരിക്കുന്നവരുടെ വസ്ത്ര ധാരണം , ശബ്ദം, മാനസികാവസ്ഥ എന്നിവയൊക്കെ മനസ്സിലാക്കുന്ന സാങ്കേതികവിദ്യയും ഡീപ് ഡൈവ് ദുബായുടെ പ്രത്യേകതയാണ്. സാഹസികരായ വിനോദ സഞ്ചാരികൾക്ക് 400 ദിർഹം മുതൽ 1800 ദിർഹം വരെ ചിലവിൽ ഡീപ് ലൈവ് ദുബായിലെ വിവിധ പദ്ധതികൾ ആസ്വദിക്കാനാകും. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാനും അവസരമുണ്ട്. മുങ്ങൽ തുടക്കക്കാർക്കും വിദഗ്ദ്ധർക്കുമൊക്കെ ആകർഷകമായ ദുബായുടെ ടൂറിസ്റ്റ് സ്പോട്ടുകളിൽ ഒന്നാണ് ഈ നീന്തൽക്കുളം.
എഴുത്ത് – ജോജറ്റ് ജോൺ